എന്നെ എന്തിനാണ് അവരിങ്ങനെ ഭയക്കുന്നത്?''

അവകാശങ്ങള്‍  നിഷേധങ്ങള്‍ - അംബിക
എന്നെ എന്തിനാണ് അവരിങ്ങനെ ഭയക്കുന്നത്? ഞാനൊരു ദലിത് സ്ത്രീയല്ലേ, എന്നിട്ടും അവരിങ്ങനെ വിടാതെ പിന്തുടരുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ല.'' ശരിയാണ്. ഒന്നരപ്പതിറ്റാണ്ടിലേറെയായി ചിത്രലേഖയെയും അവരുടെ കുടുംബത്തെയും സിപിഎം വേട്ടപ്പട്ടിയെപ്പോലെ പിന്തുടരുകയാണ്. സിപിഎമ്മിനെപ്പോലൊരു രാഷ്ട്രീയപ്രസ്ഥാനത്തിന് നാണമില്ലേ ഒരു സ്ത്രീയെയും കുടുംബത്തെയും സദാ പിന്തുടര്‍ന്ന് ആക്രമിക്കാന്‍? സവര്‍ണാധിപത്യവും പുരുഷമേധാവിത്വവും തങ്ങളുടെ മുഖമുദ്രയാണെന്ന് ജനങ്ങള്‍ക്കു മുന്നില്‍ സദാ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ് ഈ പാര്‍ട്ടി. ചിത്രലേഖയുടെയും അവരുടെ കുടുംബത്തിന്റെയും ദുരിതജീവിതം പലതവണ ഈ കോളത്തില്‍ പ്രതിപാദ്യവിഷയമായിട്ടുണ്ട്. മാത്രമല്ല, വര്‍ഷങ്ങളായി കേരളം ചര്‍ച്ചചെയ്ത ഒരു വിഷയവുമാണത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ദിവസങ്ങളോളം നീണ്ട സമരത്തിനൊടുവിലാണ് ചിത്രലേഖയ്ക്ക് ചിറയ്ക്കല്‍ പഞ്ചായത്തില്‍ അഞ്ചു സെന്റ് സ്ഥലം വീടിനായി അനുവദിച്ചത്. വീടു നിര്‍മാണ ചെലവിലേക്ക് അഞ്ചുലക്ഷം രൂപയും അന്ന് അനുവദിച്ചിരുന്നു. ഈ തുക നിലവിലെ സര്‍ക്കാര്‍ മുമ്പേ പിന്‍വലിച്ചിരുന്നു. അതുകൊണ്ട് വീടിന്റെ നിര്‍മാണം സന്നദ്ധസംഘടനയാണ് ഏറ്റെടുത്തു നടത്തിവന്നത്. വീടിന്റെ പണി പൂര്‍ത്തിയാവാറായ ഘട്ടത്തിലാണ് സ്ഥലം തിരിച്ചുപിടിച്ചുകൊണ്ടുള്ള ഉത്തരവും വന്നിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ചിറയ്ക്കല്‍ പഞ്ചായത്തില്‍ അഞ്ചു സെന്റ് സ്ഥലം അനുവദിച്ച തീരുമാനം റദ്ദാക്കുന്നതായുള്ള ഉത്തരവാണ് ചിത്രലേഖയ്ക്ക് ലഭിച്ചിരിക്കുന്നത്.
''വീടിന്റെ പണി ഏതാണ്ട് കഴിയാറായി. സണ്‍ഷെയ്ഡ് വാര്‍ത്തു. അവര്‍ക്ക് അഞ്ചുലക്ഷം രൂപ തിരിച്ചുപിടിക്കുമ്പോള്‍ തന്നെ സ്ഥലവും തിരിച്ചുപിടിക്കാമായിരുന്നു, അങ്ങനെ ഉദ്ദേശ്യമുണ്ടെങ്കില്‍. പക്ഷേ, ഇപ്പോള്‍ വീടിന്റെ പണി പൂര്‍ത്തിയാവാറായപ്പോള്‍ ചെയ്തത് എന്നോടുള്ള പകയുടെ ആഴമാണു വ്യക്തമാക്കുന്നത്.'' ശരിയാണ്. ഇപ്പോഴാണ് നമുക്ക് ശരിക്കും ആ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് ബോധ്യമാവുന്നത്! ഇത്രയ്ക്ക് 'ആളും അര്‍ഥവും കൊല്ലിനും കൊലയ്ക്കും അധികാരവുമുള്ള' ഒരു പാര്‍ട്ടി ചിത്രലേഖയെപ്പോലെ ഒരാളോട് ഏറ്റുമുട്ടുന്നത് ലോകം മുഴുവന്‍ വാര്‍ത്തയായ സ്ഥിതിക്കെങ്കിലും അതൊന്ന് അവസാനിപ്പിച്ചുകൂടേ? സെക്രട്ടേറിയറ്റിനു മുന്നില്‍ രണ്ടുവര്‍ഷം മുമ്പ് അവര്‍ നടത്തിയ സമരത്തോടെ സിപിഎമ്മും ചിത്രലേഖയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്നാണ് നമ്മളൊക്കെ കരുതിയത്. 'പാര്‍ട്ടിഗ്രാമ'ത്തില്‍ നിന്ന് ചിറയ്ക്കല്‍ പഞ്ചായത്തില്‍ വീടു പണിത് അവര്‍ താമസം മാറ്റുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് പരിസമാപ്തിയാവും എന്ന നമ്മുടെ തോന്നലൊക്കെ വെറുതെയായിരിക്കുന്നു.
ചിത്രലേഖയുടെ ജീവിതം ബോളിവുഡ് സിനിമയാവാന്‍ പോവുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പാര്‍ട്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്. വിദ്യാബാലന്‍ മുഖ്യ കഥാപാത്രമായ സിനിമ അത് ചിത്രലേഖയുടെ കഥ, അല്ല, ജീവിതമാണ് പ്രമേയം. അതുകൊണ്ടുതന്നെ തീര്‍ച്ചയായും അത് സിപിഎമ്മിനെ പ്രകോപിപ്പിക്കും. ഇന്ത്യയിലെ ദലിത് ജനതയുടെ അവകാശപോരാട്ടങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന ജിഗ്‌നേഷ് മേവാനി കേരളത്തിലെ സിപിഎം വേദി ബഹിഷ്‌കരിച്ചത് ചിത്രലേഖയ്‌ക്കെതിരേയുള്ള സിപിഎം നിലപാടില്‍ പ്രതിഷേധിച്ചായിരുന്നല്ലോ. പറഞ്ഞുവന്നത് ഈ സിനിമ വന്നാലും ഇല്ലെങ്കിലും പാര്‍ട്ടിയുടെ 'ദലിത് സ്‌നേഹം' മാലോകരെല്ലാം അറിഞ്ഞിട്ടുണ്ട്. സിനിമ വന്നാല്‍ കുറച്ചുപേര്‍ കൂടി കാര്യങ്ങള്‍ ചിലപ്പോള്‍ അറിയുമായിരിക്കും, അത്രതന്നെ. പക്ഷേ, അത്തരം സിനിമയൊക്കെ കേരളത്തിലെ തിയേറ്ററുകളില്‍ ഇവിടത്തെ സവര്‍ണ സെക്കുലറിസ്റ്റുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുമോ എന്നതൊക്കെ കണ്ടറിയേണ്ടിയിരിക്കുന്നു.
എന്തായാലും പണിതീരാറായ വീടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളുമായി കഴിഞ്ഞ ചിത്രലേഖയ്ക്കും കുടുംബത്തിനും നേരെ നടന്ന ഈ അധികാര ഹുങ്ക് ഇത്തിരി കടന്നുപോയി! സ്വന്തം ഉടുതുണിയഴിക്കുന്ന പണിയില്‍നിന്ന് പിന്‍മാറാന്‍ ഈ സര്‍ക്കാരിനെ 'ഉപദേശി'ക്കാന്‍ ഇത്രയൊക്കെ ആളുണ്ടായിട്ടും ആരും മുന്നോട്ടുവന്നില്ലെന്നത് അദ്ഭുതമാണ്. ഒരു സര്‍ക്കാര്‍ വരുമ്പോള്‍ മുന്‍ സര്‍ക്കാരിന്റെ ഉത്തരവുകള്‍ പലതും മരവിപ്പിക്കുന്നതു നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു ദലിത് കുടുംബത്തിന് അനുവദിച്ച വീടും സ്ഥലവും തിരിച്ചെടുക്കുക, അതും പൂര്‍വ വൈരാഗ്യത്തിന്റെ പേരില്‍ എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഇക്കാര്യത്തില്‍ യുഡിഎഫും മറ്റു പലരും ചിത്രലേഖയ്ക്കും കുടുംബത്തിനും സഹായവാഗ്ദാനവുമായി എത്തിയിട്ടുണ്ട്. വാസ്തവത്തില്‍ ചിത്രലേഖയുടെ കുടുംബത്തിന്റെ സംരക്ഷകരാവേണ്ടവരാണ് ഇക്കാലമത്രയും അവരെ വേട്ടയാടിയത്. എന്തായാലും ഇതുകൊണ്ടൊന്നും സിപിഎം ജയിക്കാനോ ചിത്രലേഖ എന്ന ദലിത് സ്ത്രീ തോല്‍ക്കാനോ പോവുന്നില്ല!           ി

RELATED STORIES

Share it
Top