എതിര്‍പ്പ് അവഗണിച്ച് കെഎഫ്ഡിസി എംഡി നിയമനവുമായി സിപിഐ

പത്തനംതിട്ട: സിപിഐ നിയന്ത്രണത്തിലുള്ള വനം വികസന കോര്‍പറേഷനിലെ മാനേജിങ് ഡയറക്ടര്‍ നിയമനവുമായി മുന്നോട്ടു പോവാന്‍ മന്ത്രി കെ രാജുവിന്റെ തീരുമാനം. ജീവനക്കാരുടെ എതിര്‍പ്പ് അവഗണിച്ചാണ് നടപടി. സര്‍വീസില്‍ നിന്നു വിരമിച്ചതിനു ശേഷം ഐഎഫ്എസ് ലഭിച്ചതിനെ തുടര്‍ന്ന് തിരിച്ചുവിളിച്ച ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ എംഡിയായി നിയമിക്കനാണ് തീരുമാനം.
ഇതു സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരും കെഎഫ്ഡിസി ജീവനക്കാരും രംഗത്തെത്തിയിരുന്നു. എന്നാല്‍, സര്‍വീസ് ചട്ടം ഭേദഗതി ചെയ്തു നിയമനവുമായി മുന്നോട്ടുപോവാനാണ് വനംമന്ത്രിയുടെ നിര്‍ദേശമെന്നു പറയുന്നു.
കണ്‍സ്യൂമര്‍ ഫെഡ് എംഡിയായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് സര്‍വീസ് ചട്ടം ലംഘിച്ച് കെഎഫ്ഡിസിയില്‍ എംഡിയായി നിയമിക്കുന്നതെന്നാണ് സിഐടിയു യൂനിയന്‍ ചൂണ്ടിക്കാട്ടുന്നത്.
2005ല്‍ ഭേദഗതി ചെയ്ത കെഎഫ്ഡിസിയുടെ സര്‍വീസ് ചട്ടപ്രകാരം മാനേജിങ് ഡയറക്ടറായി നിയമിക്കപ്പെടേണ്ടത് വനംവകുപ്പിലെ ചീഫ് കണ്‍സര്‍വേറ്റര്‍ തസ്തികയിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കണമെന്നിരിക്കെ, ജൂനിയര്‍ തസ്തികയായ ഡെപ്യൂട്ടി കണ്‍സര്‍വേറ്ററെ നിയമിക്കുന്നതിലെ നിയമപ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട സെക്ഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും ചുമതലയേല്‍ക്കാതിരുന്നത്. എന്നാല്‍, അഖിലേന്ത്യാ സര്‍വീസ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനത്തിനു പോയതോടെയാണ് തിരക്കിട്ട് ഉത്തരവിറക്കുന്നത്. ഇന്നു ചുമതലയെടുക്കാനാണ് ഉദ്യോഗസ്ഥന് സിപിഐ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് അറിയുന്നു.
കെഎഫ്ഡിസി സര്‍വീസ് ചട്ടപ്രകാരം കെഎഫ്ഡിസി ജനറല്‍ മാനേജരുടേത് കണ്‍സര്‍വേറ്റര്‍ക്ക് തുല്യമായ തസ്തികയാണ്.
ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എംഡിയാവുന്നതോടെ ഇതും തര്‍ക്കവിഷയമാവും. സര്‍വീസ് ചട്ടം ഭേദഗതി ചെയ്യല്‍ എളുപ്പമല്ലെന്നും സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്തു വേണം ഭേദഗതി ചെയ്യാനെന്നും പറയുന്നു.

RELATED STORIES

Share it
Top