എതിര്‍പ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍

പാരിസ്:  ട്രംപിന്റെ  നീക്കത്തെഎതിര്‍ത്ത് യുറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തി. അന്താരാഷ്ട്ര കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ അമേരിക്കന്‍ നടപടിയില്‍ ഫ്രാന്‍സും ജര്‍മനിയും ബ്രിട്ടനും ഖേദം രേഖപ്പെടുത്തുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
ആണവനിര്‍വ്യാപന പദ്ധതിയാണ് ഇതോടെ അവതാളത്തിലായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍, മിസൈല്‍ പദ്ധതികള്‍, സിറിയ, യമന്‍, ഇറാഖ് എന്നീ ഇടപെടലുകള്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്തു കരാര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇറാന്‍ ആണവകരാര്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നു യൂറോപ്യന്‍ യൂനിയന്‍ വിദേശനയ അധ്യക്ഷ ഫ്രെഡെറിക്ക മൊഗെറിനി ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ഇയു  പ്രതിജ്ഞാബദ്ധമാണ്. കരാറിനെ ഞങ്ങള്‍ വിശ്വസിക്കുന്നു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ കണ്ടെത്തലുകളെയും തങ്ങള്‍ വിശ്വസിക്കുന്നതായി അവര്‍ പറഞ്ഞു.
ഇറാനെതിരായ ഉപരോധങ്ങള്‍ നീക്കുകയെന്നത് കരാറിന്റെ ഭാഗമാണെന്നും അത് ഇറാന്‍ ജനതയ്ക്കു കൂടി ഗുണകരമായ കാര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.ട്രംപിന്റെ നടപടി അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്നു ജോര്‍ദാന്‍ വിദേശകാര്യമന്ത്രി അയ്മന്‍ അല്‍ സഫാദി മുന്നറിയിപ്പു നല്‍കി.
ട്രംപിന്റെ തീരുമാനത്തെ ഇസ്രായേല്‍, സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍ എന്നീ രാജ്യങ്ങള്‍ അനുകൂലിച്ചു. കരാറില്‍ നിന്നു പിന്‍മാറാനുള്ള ട്രംപിന്റെ തീരുമാനത്തെ തങ്ങള്‍ പ്രകീര്‍ത്തിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.  ട്രംപിന്റെ തീരുമാനത്തെ സൗദി അറേബ്യ പിന്തണയ്ക്കുന്നതായി വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയില്‍ അറിയിച്ചു.

RELATED STORIES

Share it
Top