എതിരില്ലാതെ ബ്രസീലും അര്‍ജന്റീനയുംമെല്‍ബണ്‍: കോണ്‍ഫെഡറേഷന്‍ കപ്പിന് മുന്നോടിയായി നടന്ന അവസാന സന്നാഹ മല്‍സരത്തില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും വമ്പന്‍ ജയം. ആസ്‌ത്രേലിയയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ബ്രസീല്‍ തോല്‍പിച്ചപ്പോള്‍ സിങ്കപ്പൂരിനെതിരേ ആറ് ഗോളുകളാണ് അര്‍ജന്റീന നേടിയത്. ബ്രസീലിനു വേണ്ടി ഡിയാഗോ സൂസ ഇരട്ടഗോളുകള്‍ കണ്ടെത്തിയപ്പോള്‍ തിയാഗോ സില്‍വയും ടൈസണും ഗോള്‍ പട്ടികയില്‍ സംഭാവനയര്‍പ്പിച്ചു. സൗത്ത് അമേരിക്കയ്ക്ക് പുറത്തുള്ള ഒരു ടീമിനെ ആദ്യമായി നേരിടുന്ന പരിശീലകന്‍ ടിറ്റെ കഴിഞ്ഞ മല്‍സരത്തില്‍ നിന്ന് എട്ട് മാറ്റങ്ങളുമായാണ് സ്‌ക്വാഡ് സജ്ജമാക്കിയത്. കിക്കോഫിന്റെ 11ാം സെക്കന്റില്‍ തന്നെ ആസ്‌ത്രേലിയയുടെ വല കുലുക്കി ഡിയാഗോ സൂസ ആധിപത്യം ഉറപ്പിച്ചു. പിന്നീട് 62ാം മിനിറ്റില്‍ തിയാഗോ സില്‍വയിലൂടെ ബ്രസീല്‍ ലീഡ് ഇരട്ടിയാക്കി. അധികം വൈകാതെ പകരക്കാരനായി എത്തിയ ടൈസണും ലക്ഷ്യം കണ്ടപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഡിയാഗോ സൂസ തന്റെ രണ്ടാമത്തെ ഗോളും കണ്ടെത്തി പട്ടിക പൂര്‍ത്തിയാക്കി. സിങ്കപ്പൂരില്‍ നടന്ന മല്‍സരത്തില്‍ ഫെഡെറികോ ഫസിയോ ആണ് അര്‍ജന്റീനയുടെ അക്കൗണ്ട് തുറന്നത്. 25ാം മിനിറ്റില്‍ നേടിയ ആധിപത്യം 31ാം മിനിറ്റില്‍ ജ്വോകിന്‍ കൊറിയ ഇരട്ടിയാക്കി. സാംപോളിയുടെ പ്രതീക്ഷകള്‍ ഫലവത്തായപ്പോള്‍ 60ാം മിനിറ്റില്‍ അലെയാന്‍ഡ്രോ ഗോമെസും 74ാം മിനിറ്റില്‍ ലിയാന്‍ഡ്രോ പാരെഡെസും ലക്ഷ്യം കണ്ടു. ഇഞ്ച്വറി ടൈമില്‍ ലുകാസ് അലറിയോയും ഡി മരിയയും മികവ് കാട്ടിയതോടെ സിങ്കപ്പൂരിന് നാണംകെട്ട തോല്‍വിയായിരുന്നു ഫലം.

RELATED STORIES

Share it
Top