എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കും: സൗദി അറേബ്യ

വാഷിങ്ടണ്‍: എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നു സൗദി അറേബ്യന്‍ രാജാവ് വാഗ്ദാനം നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്്. ഓരോ ദിവസവും 20 ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാമെന്നു സൗദി സമ്മതിച്ചുവെന്നാണു വൈറ്റ്ഹൗസ്് ശനിയാഴ്ച അറിയിച്ചത്.
സൗദി രാജാവുമായി താന്‍ സംസാരിച്ചതായും എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ധാരണയായതായും ട്രംപ് നേരത്തെ അറിയിച്ചിരുന്നു. വിപണിയില്‍ വിതരണം ചെയ്യാന്‍ കൂടുതല്‍ എണ്ണ ആവശ്യമുണ്ടെന്നും എണ്ണയുല്‍പാദനം വര്‍ധിപ്പിക്കണമെന്നും ട്രംപ് സൗദി ഭരണാധികാരിയോട് ആവശ്യപ്പെടുകയും ഭരണകൂടം അത് അംഗീകരിക്കുകയുമായിരുന്നുവെന്നു വൈറ്റ്ഹൗസ് അറിയിച്ചു.
ജൂണ്‍ 22 ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ചേര്‍ന്ന സൗദി അറേബ്യ ഉള്‍പ്പെടുന്ന ഒപെക് രാജ്യങ്ങളുടെയും ഇതര രാജ്യങ്ങളുടെയും സംയുക്ത യോഗത്തില്‍ എണ്ണയുല്‍പാദനം എഴുലക്ഷം ബാരലില്‍ നിന്ന് 10 ലക്ഷം ബാരലായി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനു പുറമെയാണു സൗദിയുടെ പുതിയ തീരുമാനം. സൗദി ഉല്‍പാദനം വര്‍ധിപ്പിക്കുന്നത് ഇറാന്റെ  മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ്.  ഇറാനുമായുള്ള ആണവ കരാറില്‍ നിന്നു പിന്‍മാറിയ ട്രംപിനെ അനുകൂലിച്ചു കൊണ്ടാണീ നടപടി.
ഇറാന്റെ പ്രധാന വരുമാന മാര്‍ഗമായ എണ്ണ വില്‍പന തടയുകയാണു യുഎസിന്റെ ലക്ഷ്യം. ഇറാനില്‍ നിന്നു എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന്  ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയും ചൈനയുമാണ് ഇറാന്റെ എണ്ണ കൂടുതല്‍ വാങ്ങുന്നത്. ജൂണ്‍ മുതല്‍ സൗദി എണ്ണയുല്‍പാദനം റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ത്തിയിരുന്നു.  പ്രതിദിനം 10.7 ദശലക്ഷം ബാരല്‍ എന്ന തോതിലാണു വര്‍ധിപ്പിച്ചിരുന്നത്.
മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ പ്രതിദിന ഉല്‍പാദനത്തില്‍ ഏഴുലക്ഷം ബാരലിന്റെ വര്‍ധനവാണു വരുത്തിയത്. അടുത്ത മാസം പ്രതിദിന ഉല്‍പാദനം 1.1 കോടി ബാരലായി ഉയര്‍ത്തുന്നതിനു സൗദി അറേബ്യ ശ്രമിക്കുന്നതായി അഭിജ്ഞ വൃത്തങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ വാര്‍ത്തകളോട് സൗദി ഭരണ കൂടം പ്രതികരിച്ചില്ല. പിന്നീട് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി ഭാഗികമായി ശരിവച്ചു.  പക്ഷേ, 20 ലക്ഷം ബാരല്‍ ഓരോ ദിവസവും ഉല്‍പാദിപ്പിക്കുമോ എന്നു വിശദീകരിച്ചില്ല. സൗദി അറേബ്യയാണ് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യം.

RELATED STORIES

Share it
Top