എഡിജിപിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തി

തിരുവനന്തപുരം: എഡിജിപി സുദേശ് കുമാറിന്റെ മകള്‍ പോലിസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസിലെ മുഖ്യസാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറെ പോലിസ് കണ്ടെത്തി. ഗവാസ്‌കറെ മര്‍ദിച്ച ശേഷം എഡിജിപിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറെയാണ് പോലിസ് കണ്ടെത്തിയത്. ഇതുകൂടാതെ ഓട്ടോയും എഡിജിപിയുടെ വാഹനം കടന്നുപോയ പേരൂര്‍ക്കടയിലെ സിസിടിവി ദൃശ്യങ്ങളും പോലിസിനു ലഭിച്ചു. പെ ണ്‍കുട്ടി മൊബൈലുമായി എത്തിയെന്ന് ഓട്ടോ ഡ്രൈവര്‍ പോലിസിന് മൊഴി നല്‍കി. സംഭവത്തിന് ഓട്ടോ ഡ്രൈവര്‍ ദൃക്‌സാക്ഷിയാണെന്നു മര്‍ദനമേറ്റ ഗവാസ്‌കറും മൊഴി നല്‍കിയിരുന്നു. എഡിജിപിയുടെ ഭാര്യയെയും മകളെയും കനകക്കുന്നില്‍ നടക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. അസഭ്യം പറഞ്ഞതിനെ ഗവാസ്‌കര്‍ എതിര്‍ക്കുകയും ഇനിയും അസഭ്യം പറയല്‍ തുടര്‍ന്നാല്‍ വാഹനം ഓടിക്കില്ലെന്നും പറഞ്ഞു. ഇതില്‍ പ്രകോപിതയായ യുവതി വണ്ടിയില്‍നിന്നിറങ്ങി ഗവാസ്‌കറിനോട് വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഔദ്യോഗിക വാഹനം വിട്ടുനല്‍കാന്‍ ഗവാസ്—കര്‍ തയ്യാറായില്ല. ഇതോടെ യുവതി ഓട്ടോയില്‍ കയറി പോയി. എന്നാല്‍, മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്ന യുവതി വീണ്ടും വാഹനത്തിനടുത്തേക്കു തിരിച്ചെത്തി. വാഹനത്തില്‍ നിന്ന് മൊബൈല്‍ എടുത്ത ശേഷം ഒരു പ്രകോപനവുമില്ലാതെ ഗവാസ്‌കറുടെ കഴുത്തില്‍ മൊബൈല്‍ വച്ച് ഇടിക്കുകയായിരുന്നു. ഇതിന് ഓട്ടോ ഡ്രൈവര്‍ സാക്ഷിയായിരുന്നു. എഡിജിപിയുടെ മകളുടെ അറസ്റ്റ് ഒഴിവാക്കാന്‍ ക്രൈംബ്രാഞ്ച് തീവ്രശ്രമം നടത്തുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസിലെ മുഖ്യസാക്ഷികളിലൊരാളായ ഓട്ടോ ഡ്രൈവറെ കണ്ടെത്തിയത്.

RELATED STORIES

Share it
Top