എഡിജിപിയുടെ മകളുടെ മൊഴിയില്‍ പൊരുത്തക്കേട്

തിരുവനന്തപുരം: പോലിസ് ഡ്രൈവര്‍ ഗവാസ്‌കറിനെ ആക്രമിച്ച കേസില്‍ ആശുപത്രിരേഖയും എഡിജിപിയുടെ മകളുടെ മൊഴിയും രണ്ടു തരത്തില്‍.  ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറിയെന്നാണ് മകളുടെ പരാതി. അതേസമയം, പരിക്കിന്റെ കാരണം ഓട്ടോ ഇടിച്ചതെന്നാണ് ആശുപത്രിരേഖ. ഗവാസ്‌കറിന്റെ ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ റോഡിലൂടെ വന്ന ഓട്ടോ ഇടിച്ചുവെന്നാണ് ഇവര്‍ ഡോക്ടര്‍ക്ക് നല്‍കിയ മൊഴി.
ഗവാസ്‌കറുടെ പരാതിയില്‍ എഡിജിപി സുദേഷ് കുമാറിന്റെയും കുടുംബത്തിന്റെയും മൊഴിയെടുക്കും. സുദേഷ് കുമാറിനോടും ഭാര്യയോടും മകളോടും ക്രൈംബ്രാഞ്ച് സമയം തേടി. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് ഗവാസ്‌കറിനു പരിക്കേല്‍ക്കാന്‍ കാരണമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയ പരാതിയില്‍ എഡിജിപി ആരോപിച്ചത്. എഡിജിപിയുടെ മകള്‍ പോലിസ് ഡ്രൈവറെ മര്‍ദിച്ചെന്ന കേസിനെ തുടര്‍ന്നു നടപടി നേരിട്ടപ്പോഴൊന്നും പറയാതിരുന്ന വിശദീകരണങ്ങളും ആരോപണങ്ങളുമാണ് കേസ് ഹൈക്കോടതിയില്‍ എത്തിയതിനു പിന്നാലെ നല്‍കിയ പരാതിയിലുള്ളത്.
പൊതുജനമധ്യത്തില്‍ അവഹേളിക്കാനാണ് ഗവാസ്‌കറുടെ പരാതിയെന്നും തനിക്കു സുരക്ഷാഭീഷണിയുണ്ടെന്നും സുദേഷ് കുമാര്‍ പരാതിപ്പെട്ടു. ഗവാസ്‌കര്‍ അപമര്യാദയായി പെരുമാറിയെന്നു കാണിച്ചു സുദേഷ് കുമാറിന്റെ മകളും പരാതി നല്‍കി. സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച് ആശുപത്രിരേഖയും പിടിച്ചെടുത്തു. എഫ്ഐആര്‍ സ്റ്റേറ്റ്മെന്റും ആശുപത്രിരേഖയും തമ്മില്‍ വലിയ പൊരുത്തക്കേടുകളുള്ളത് ക്രൈംബ്രാഞ്ച് ഗൗരവത്തിെലടുത്തിട്ടുണ്ട്.
ഇതിനിടെ, പുതിയ പരാതിയുമായി എഡിജിപി രംഗത്തെത്തി. തന്റെ പട്ടിയെ ആരോ കല്ലെറിഞ്ഞെന്ന സുദേഷ് കുമാറിന്റെ പരാതിയില്‍ പോലിസ് ഉടനടി കേസെടുത്തു. വ്യാഴാഴ്ച രാത്രി ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയപ്പോള്‍ ആരോ നായയെ കല്ലെറിഞ്ഞ് രക്ഷപ്പെട്ടത് കണ്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി പേരൂര്‍ക്കട പോലിസിന് നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top