എഡിഎംകെ മന്ത്രിക്കെതിരേ ലൈംഗികാരോപണം; രാജി ആവശ്യപ്പെട്ട് ദിനകരന്‍ പക്ഷം

ചെന്നൈ: തമിഴ്‌നാട് ഫിഷറീസ് മന്ത്രിയും അണ്ണാ ഡിഎംകെ വക്താവുമായ ഡി ജയകുമാറിനെതിരേ ലൈംഗികാരോപണം. ശുപാര്‍ശയ്ക്കു വേണ്ടി മന്ത്രിയെ സമീപിച്ച യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന വാര്‍ത്തയാണ് വിവാദത്തിനു കാരണമായത്.
യുവതിയുടെ മാതാവിനെ ഫോണില്‍ വിളിച്ച് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ജയകുമാറിന്റേതെന്നു കരുതുന്ന രണ്ടു ശബ്ദസന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. ഇതില്‍ ഒന്ന് യുവതിയുടെ മാതാവിന് സാമ്പത്തികസഹായം വാഗ്ദാനം ചെയ്യുന്നതാണ്. ആഗസ്ത് ഒമ്പതിന് യുവതി പ്രസവിക്കുകയും ചെയ്തു. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി ഡിണ്ഡിഗല്ലിലെ ഹോട്ടല്‍ മുറിയില്‍ വച്ച് പെണ്‍കുട്ടിയെ മന്ത്രി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍, ആരോപണത്തിനു പിന്നില്‍ ടി ടി വി ദിനകരനും സംഘവുമാണെന്നു ഡി ജയകുമാര്‍ ആരോപിച്ചു. ഏതു വിധത്തിലുള്ള പരിശോധനയ്ക്കും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജയകുമാറിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നു ടി ടി വി ദിനകരന്‍ വിഭാഗം നേതാവ് തങ്കതമിഴ് ശെല്‍വന്‍ ആവശ്യപ്പെട്ടു. ശബ്ദസന്ദേശം വ്യാജമാണെന്ന് അവകാശപ്പെടുന്ന ജയകുമാര്‍, ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞിട്ടില്ലെന്നു ദിനകരന്‍ വിഭാഗം നേതാവ് വെട്രിവേല്‍ പറഞ്ഞു. പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനിച്ച ആണ്‍കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവ് ഡി ജയകുമാര്‍ എന്നും മാതാവ് ജെ സിന്ധുവെന്നും ആണ് രേഖപ്പെടുത്തിയിട്ടള്ളത്.

RELATED STORIES

Share it
Top