എട്ട് സംസ്ഥാനങ്ങളുടെ ശുപാര്‍ശ കേന്ദ്രം തള്ളിന്യൂ

ഡല്‍ഹി: എട്ടു സംസ്ഥാന സര്‍ക്കാരുകള്‍, ഏഴ് ഗവര്‍ണര്‍മാര്‍, 14 കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെ ശുപാര്‍ശകള്‍ക്ക് ഇത്തവണത്തെ പത്മ അവാര്‍ഡില്‍ സ്ഥാനം ലഭിച്ചില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍. ജനുവരി 25നു പ്രഖ്യാപിച്ച 2018ലെ പത്മ അവാര്‍ഡിന് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, മുന്‍ പത്മ അവാര്‍ഡ് ലഭിച്ച വ്യക്തികള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നായി 25,595 ശുപാര്‍ശകള്‍ ലഭിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ നിന്നും 84 പ്രമുഖര്‍ ഉള്‍ക്കൊള്ളുന്ന അന്തിമ പട്ടികയാണ് 10 അംഗ തിരഞ്ഞെടുപ്പ് സമിതി തയ്യാറാക്കിയത്.
അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ദരിദ്രര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരോ, വെല്ലുവിളികള്‍ നിറഞ്ഞ പശ്ചാത്തലത്തില്‍ നിന്നു തങ്ങളുടെ മേഖലകളില്‍ കഴിവ് തെളിയിച്ച അറിയപ്പെടാത്ത നായകന്മാരോ ആണെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എട്ട് സംസ്ഥാന സര്‍ക്കാരുകളുടെ ശുപാര്‍ശകളാണ് ഇത്തവണ കേന്ദ്രം തള്ളിയത്. തമിഴ്‌നാട്, ഹരിയാന, ജമ്മുകശ്മീര്‍, കര്‍ണാടക, ഉത്തരാഖണ്ഡ്, ബിഹാര്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാന സര്‍ക്കാരുകളുടെ ശുപാര്‍ശകളാണവ. ജമ്മുകശ്മീര്‍-9, കര്‍ണാടക-44 , ഉത്തരാഖണ്ഡ്-15, ബിഹാര്‍-4, രാജസ്ഥാന്‍-4, ഡല്‍ഹി-7 എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍ പത്മ അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത പേരുകളുടെ എണ്ണം.
അസം (12ല്‍ ഒന്ന്), ഛത്തീസ്ഗഡ് (13ല്‍ ഒന്ന്), ഉത്തര്‍പ്രദേശ് (ഏഴില്‍ ഒന്ന്), മധ്യപ്രദേശ് (ഒമ്പതില്‍ ഒന്ന്), കേരളം (41ല്‍ ഒന്ന്), മഹാരാഷ്ട്ര (4ല്‍ മൂന്ന്്)എന്നിവയാണ് ശുപാര്‍ശ സ്വീകരിക്കപെട്ട സംസ്ഥാനങ്ങള്‍.
അതേസമയം ഏഴ് ഗവര്‍ണര്‍മാരുടെ ശുപാര്‍ശകളും 14 കേന്ദ്രമന്ത്രിമാരുടെ ശുപാര്‍ശകളും കേന്ദ്രം തള്ളിയിട്ടുണ്ട്. ഈ വര്‍ഷം 84 പത്മ അവാര്‍ഡുകള്‍ക്കാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. മൂന്ന് പത്മവിഭൂഷണ്‍, ഒമ്പതു പത്മഭൂഷണ്‍, 72 പത്മശ്രീ അവാര്‍ഡ് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.
കാബിനറ്റ് സെക്രട്ടറി പി കെ സിന്‍ഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗുവാബ, അഡീഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര, മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍, രാജ്യസഭാ അംഗം സ്വപന്‍ ദാസ്ഗുപ്ത, മുന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ അനില്‍ കുംബ്ലെ, ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ, ഗായകരായ ശേഖര്‍ സെന്‍, ഹരിവംശ് എന്നിവരാണ് ഇത്തവണത്തെ അന്തിമ പട്ടിക തയ്യാറാക്കിയ തിരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങള്‍. 2018 പത്മ പുരസ്‌കാരങ്ങള്‍ മാര്‍ച്ച് 20, ഏപ്രില്‍ 2 ദിവസങ്ങളില്‍ രാഷ്ട്രപതി ഭവനില്‍ വച്ച് രാഷ്ട്രപതി രാമനാഥ് കോവിന്ദ് വിതരണം ചെയ്യും.

RELATED STORIES

Share it
Top