എട്ടു വയസ്സുകാരന് ക്രൂര മര്‍ദനം: ഡിവൈഎഫ്‌ഐ നേതാവിന്റെ പേരില്‍ കേസ്‌

പൊന്നാനി: മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് എട്ടു വയസ്സുകാരനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതിന് ഡിവൈഎഫ്‌ഐ നേതാവിന്റെ പേരില്‍ കേസെടുത്തു. അമ്പലത്ത് വീട്ടില്‍ മജീദിന്റെയും സമീനയുടെയും മകനായ മുസമ്മലിനാണ് മര്‍ദനമേറ്റത്. മുസമ്മലിന്റെ മാതാവിന്റെ പരാതിയിലാണ് കേസെടുത്തത്.
വെളിയങ്കോട് തണ്ണിത്തുറ പടിഞ്ഞാറ് ഭാഗത്താണു സംഭവം. കുട്ടികള്‍ മദ്‌റസയില്‍ പോവുന്ന വഴിയിലെ വീട്ടില്‍ വളര്‍ത്തുമല്‍സ്യങ്ങളെ കാണാന്‍ പോയിരുന്നു. ചില കുട്ടികള്‍ വളര്‍ത്തുമല്‍സ്യങ്ങളെ എടുക്കുകയും ചെയ്തു. ഇതിനിടയില്‍ വീട്ടുടമസ്ഥന്‍ വന്നപ്പോള്‍ മല്‍സ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ചവര്‍ ഓടി രക്ഷപ്പെട്ടു. എന്താണു കാര്യമെന്നറിയാത്ത എട്ടു വയസ്സുള്ള മുസമ്മില്‍ ഓടിയില്ല. ശേഷം വീട്ടുടമ ഈ കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. വൈകീട്ട് കുളിക്കാന്‍ മടി കാണിച്ച കുട്ടിയെ വീട്ടുകാര്‍ കുളിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണു പുറത്ത് അടിയേറ്റ പാടുകള്‍ കണ്ടത്. ഇതോടെയാണു കുട്ടി സംഭവങ്ങള്‍ വീട്ടുകാരെ അറിയിക്കുന്നത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലാക്കി. രാഷ്ട്രീയ വിരോധമാണ് കുഞ്ഞിനെ മര്‍ദിക്കാന്‍ കാരണമെന്ന് കുട്ടിയുടെ മാതാവ് സമീന ആരോപിച്ചു.
അതേസമയം മല്‍സ്യങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതിന് അടിക്കുക മാത്രമാണ് ചെയ്തതെന്നും കുട്ടിയെ കെട്ടിയിട്ടിട്ടില്ലെന്നും ആരോപണവിധേയന്‍ പറഞ്ഞു. മോഷ്ടിക്കാന്‍ ശ്രമിച്ചതിന് വല്യുമ്മ തന്നെ കുട്ടിയെ നല്ലവണ്ണം അടിച്ചിരുന്നുവെന്നും ഇദ്ദേഹം വിശദീകരിച്ചു.

RELATED STORIES

Share it
Top