എട്ടുവയസ്സുകാരിയെ അപമാനിച്ച് പോസ്റ്റ്: ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

മരട് (കൊച്ചി): ജമ്മു കാശ്മീരിലെ കത്‌വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി കൂട്ട ബലാല്‍സംഗം ചെയ്ത് അടിച്ച് കൊന്ന സംഭവത്തെ ന്യായീകരിച്ച് പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ട നെട്ടൂര്‍ സ്വദേശിയായ ആര്‍എസ്എസ് മരട് മണ്ഡല്‍ കാര്യവാഹക് വിഷണു നന്ദകുമാറിനെതിരേ പനങ്ങാട് പോലിസ് കേസെടുത്തു. 153 എ വകുപ്പനുസരിച്ച് മതവിദ്വേഷം ഉണ്ടാക്കിയെന്ന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ബിജെപി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ സഹോദരനും ആര്‍എസ്എസ് നേതാവുമായ നന്ദകുമാറിന്റെ മകനാണ് വിഷ്ണു നന്ദകുമാര്‍. “'ഇവളെ ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരേ തന്നെ ബോംബായി വന്നേനേ'’ എന്ന കമന്റിട്ടാണ് ഇയാള്‍ കൊലപാതകത്തിലുള്ള തന്റെ മനസ്ഥിതി വ്യക്തമാക്കിയത്. ഇതിനിടയില്‍ എസ്ഡിപിഐ അടക്കമുള്ള വിവിധ സംഘടനകള്‍ ബാങ്കിന്റെ പാലാരിവട്ടത്തെ ശാഖയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ഇയാളെ ജോലിയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി ഫോ ണ്‍ കോളുകള്‍ വന്നതും ബാങ്ക്  അധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചു. ഇതേ തുടര്‍ന്ന് വിഷ്്ണുവിനെ ബാങ്കിലെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടുവെന്ന് വ്യക്തമാക്കിക്കൊണ്ട്്് ബാങ്ക് അധികൃതര്‍ ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടു.
മോശം പ്രകടനത്തിന്റെ പേരില്‍ ഈ മാസം 11ാം തിയ്യതി വിഷ്ണുവിനെ പിരിച്ചുവിട്ടെന്നും രാജ്യത്തെ നടുക്കിയ ദുരന്തത്തില്‍ മുന്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ ആരായാലും നടത്തുന്ന ഇത്തരം പരാമര്‍ശത്തെ ഹൃദയശൂന്യമെന്നേ വിശേഷിപ്പിക്കാനാവൂ. പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്നുമാണ് ബാങ്ക് അധികൃതര്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചത്്. വിഷ്ണുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി പനങ്ങാട് പോലിസിലും കെഎസ്‌യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി വൈ ഷാജഹാന്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ വിഷ്ണു നന്ദകുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. കൂടാതെ മരട്, നെട്ടൂര്‍ പ്രദേശങ്ങളില്‍ നിരവധി മറ്റു സംഘടനകളും വിഷ്ണു നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്  പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വിഷ്ണുവിനെതിരേ പനങ്ങാട് പോലിസ് കേസെടുത്തത്. ഇദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. എന്നാല്‍, അറസ്റ്റില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാന്‍ നീക്കം ആരംഭിച്ചതായും സൂചനയുണ്ട്.

RELATED STORIES

Share it
Top