എട്ടുകോടിയുടെ ഹഷീഷുമായി യുവതി പിടിയില്‍

പാലക്കാട്: രണ്ടുകിലോ ഹഷീഷുമായി യുവതിയെ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം എക്‌സൈസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി നാഗര്‍കോവില്‍ സ്വദേശിനി സിന്ധുജ (21) ആണ് അറസ്റ്റിലായത്. വിപണിയില്‍ എട്ടു കോടി രൂപ വിലമതിക്കുന്ന ഹഷീഷാണ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ഇന്റലിജന്റ്‌സ് ബ്യൂറോയും ഇന്നലെ രാവിലെ 9.30ന് നടത്തിയ പരിശോധനയിലാണ് വിശാഖപട്ടണത്ത് നിന്നു ട്രെയിന്‍മാര്‍ഗം എത്തി തൃശൂരിലേക്ക് ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ പിടികൂടിയത്. തോള്‍ബാഗില്‍ പ്ലാസ്റ്റിക് സഞ്ചികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. ചാവക്കാട് സ്വദേശിയായ ജാബിറിനു വേണ്ടി കടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലക്ഷം രൂപയാണ് സിന്ധുജയുടെ പ്രതിഫലം. നേരത്തേയും ചാവക്കാട്ടേക്ക് ഹഷീഷ് എത്തിച്ചിരുന്നെന്നും കേരളത്തില്‍ നിന്ന് ഒമാനിലേക്കാണ് കടത്തുന്നതെന്നും സിന്ധുജ മൊഴി നല്‍കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം രാകേഷ്, വി രജനീഷ്, ടി രാജീവ്, പ്രിവന്റീവ് ഓഫിസര്‍മാരായ സജിത്ത്, യൂനുസ്, വിപിന്‍ദാസ്, മനോജ്, മന്‍സൂര്‍ അലി, സന്തോഷ് കുമാര്‍, രാജേഷ് പരിശോധനയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top