എടിഎമ്മില്‍ നിന്നു പണം നഷ്ടപ്പെട്ട സംഭവം: അന്വേഷണം ഊര്‍ജിതം

കണ്ണൂര്‍: എസ്ബിഐ തെക്കീബസാര്‍ ബ്രാഞ്ചിന്റെ എടിഎമ്മില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളിയുടെ പണം നഷ്ടപ്പെട്ട സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഹരിയാന സ്വദേശി ഷക്കീല്‍ അഹമ്മദിന്റെ 40,000 രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ ബാങ്ക് മാനേജരുടെ പരാതിയില്‍ ടൗണ്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ 27നു വൈകീട്ട് 4.45ഓടെയാണ് സംഭവം. തെക്കീബസാറിലെ എടിഎമ്മില്‍ കാര്‍ഡിട്ടെങ്കിലും പണം ലഭിക്കാതെ ഷക്കീല്‍ മടങ്ങുകയായിരുന്നു. എന്നാല്‍ കുറച്ചുസമയത്തിനകം അക്കൗണ്ടില്‍നിന്ന് 40,000 രൂപ പിന്‍വലിച്ചതായി ഇയാള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചു. തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടു നല്‍കിയ പരാതിയില്‍ അധികൃതര്‍ അന്വേഷണം നടത്തുകയായിരുന്നു. ഹരിയാനയിലെ എസ്ബിഐ ശാഖയിലാണ് ഷക്കീലിന്റെ അക്കൗണ്ട്. പണം ഇയാള്‍ക്കു ലഭിച്ചില്ലെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ടൗണ്‍ പോലിസി ല്‍ തെക്കീബസാര്‍ ശാഖ മാനേജര്‍ പരാതി നല്‍കിയത്. നൂതനമായ ഏതോ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇയാളുടെ അക്കൗണ്ടിലെ പണം തട്ടിയതെന്നാണ് അധികൃതരുടെ നിഗമനം. സിസിടിവി പരിശോധിച്ചപ്പോള്‍ രണ്ടു യുവാക്കള്‍ ഷക്കീല്‍ കൗണ്ടറില്‍ കയറുന്നതിനു തൊട്ടുമുമ്പ് അകത്തുകയറി എന്തോ തേച്ചുപിടിപ്പിക്കുന്ന ദൃശ്യമാണുള്ളത്. ഷക്കീല്‍ ഇറങ്ങിയ ഉടനെ എടിഎം കൗണ്ടറില്‍ കയറിയിറങ്ങുന്നുണ്ട്. ഇവരും ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണു അന്വേഷണത്തിലെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍, സംഭവം തിരുവനന്തപുരത്ത് നടന്നതു പോലെയുള്ള ഹൈടെക് കവര്‍ച്ചയല്ലെന്നും പ്രതികള്‍ ഉടന്‍ വലയിലാവുമെന്നും ജില്ലാ പോലിസ് ചീഫ് ശിവവിക്രം അറിയിച്ചിരുന്നു. സിസിടിവി ദൃശ്യത്തിലുള്ളവരെ തേടിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

RELATED STORIES

Share it
Top