എടിഎം സുരക്ഷാ വീഴ്ച വീണ്ടും നാണക്കേടായി, എസ്ബിഐക്ക് ശ്രദ്ധ ചാര്‍ജുകള്‍ ഈടാക്കുന്നതില്‍ മാത്രമോ ?തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് എടിഎം കൗണ്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ച് 10 ലക്ഷത്തിലധികം രൂപ കവര്‍ന്ന സംഭവം വിരല്‍ ചൂണ്ടുന്നത് എസ്ബിഐയുടെ ഗുരുതരമായ സുരക്ഷാ വീഴ്ചയിലേക്ക്. അമിതചാര്‍ജുകളുടെ പേരില്‍ ഇതിനകം തന്നെ ജനങ്ങളുടെ വെറുപ്പ് ആവശ്യത്തിലേറെ സമ്പാദിച്ച ബാങ്ക് ആവര്‍ത്തിച്ചുള്ള എടിഎം സുരക്ഷാവീഴ്ചയുടെ പേരില്‍ വീണ്ടും നാണം കെടുകയാണ്.
ചാര്‍ജുകള്‍ ഈടാക്കുന്നതിനപ്പുറം എടിഎമ്മുകളുടെയോ നിക്ഷേപകരുടേയോ പണത്തിന് ബാങ്ക് വലിയ വിലയൊന്നും കല്‍പ്പിക്കുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്. കഴക്കൂട്ടത്തെ എടിഎം കവര്‍ച്ചയില്‍ ഉപഭോക്താക്കളുടെ പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും എടിഎമ്മുകളിലെ സുരക്ഷാവീഴ്ചമൂലം നിക്ഷേപകരുടെ പണവും നഷ്ടപ്പെട്ടേക്കാമെന്ന വസ്തുത ബാങ്ക് അവഗണിക്കുകയാണ്.
തിരുവന്തപുരം നഗരത്തില്‍ റുമേനിയന്‍ വംശജര്‍ നടത്തിയ കവര്‍ച്ചക്ക് പിന്നിലും ബാങ്കിന്റെ, എടിഎമ്മുകളിലെ സുരക്ഷാ വീഴ്ച ഒരു പ്രധാന  കാരണമായിരുന്നു. എടിഎം കൗണ്ടറില്‍ ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ച ശേഷം പിന്‍നമ്പര്‍ ഉള്‍പ്പെടെയുള്ള കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയായിരുന്നു മോഷണം നടത്തിയിരുന്നത്. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നതായി കാണിച്ച് പരാതിയുമായി ആളുകള്‍ രംഗത്തെത്തിയതോടെയാണ് പോലീസ് എടിഎം പരിശോധിക്കുകയും മോഷ്ടാക്കള്‍ കൗണ്ടറില്‍ സ്ഥാപിച്ച ക്യാമറയും ചിപ്പും അടക്കമുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയത്. ബാങ്ക് അധികൃതര്‍ എടിഎമ്മിലെ സിസി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കാറില്ലെന്നതിന് ഈ സംഭവം തെളിവായിരുന്നു.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ സംഭവത്തിന് ശേഷം എടിഎമ്മുകളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് പലകോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും അവയ്‌ക്കൊന്നും ബാങ്ക് പുല്ലുവില പോലും കല്‍പ്പിച്ചില്ലെന്നാണ് കഴക്കൂട്ടത്തെ കവര്‍ച്ച സൂചിപ്പിക്കുന്നത്. കഴക്കൂട്ടത്ത് നടന്ന കവര്‍ച്ചയ്ക്ക് സമാന കവര്‍ച്ചകള്‍ സമീപകാലത്ത് വേറെയുമുണ്ടായി. കഴിഞ്ഞ മാസം ചെങ്ങന്നൂരില്‍ നടന്ന എടിഎം മോഷണം തന്നെ ഏറ്റവും വലിയ ഉദാഹരണം. എസ്ബിഐ കൊല്ലക്കടവ് ശാഖയുടെ ചെറിയനാട് എടിഎമ്മില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്താണ് അന്ന് മോഷ്ടാക്കള്‍ പണം അപഹരിച്ചത്. മൂന്നര ലക്ഷത്തിലധികം രൂപയാണ് അന്ന് നഷ്ടമായത്. സമാന സംഭവം കായംകുളത്തിന് സമീപം രാമപുരത്തും നടന്നരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ തകര്‍ത്തെങ്കിലും പണം നഷ്ടമായിരുന്നില്ല.
തിരക്കേറിയ കാര്യവട്ടം കഴക്കൂട്ടം  ദേശീപാതയ്ക്കരികില്‍ എസ്ബിഐയുടെ അമ്പലത്തിന്‍കര എടിഎം കൗണ്ടറിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്.
എടിഎം കൗണ്ടറിന്റെ പാതി മുറിച്ച് മാറ്റിയാണ് മോഷ്ടാക്കള്‍ പണം കൊണ്ടു  നടത്തിയത്. എടിഎമ്മിന്റെ സ്‌ക്രീന് താഴെ പണം നിറക്കുന്ന ഭാഗം പൂര്‍ണമായും മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ പണം അപഹരിച്ചത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. പിന്നീട് എടിഎമ്മില്‍ പണം നിറക്കാനെത്തിയ സ്വകാര്യ ഏജന്‍സി ജീവനക്കാരാണ് മോഷണവിവരം പോലീസിനെ അറിയിച്ചത്. 10,18,500 രൂപ മോഷണം പോയതായി പരിശോധനയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ 1.15 വരെ ഈ എടിഎമ്മില്‍ ഇടപാട് നടന്നിട്ടുണ്ട്. രാത്രി രണ്ടുമണിയോടെ കഴക്കൂട്ടം പോലിസ് എടിഎമ്മിന് സമീപത്തെ ബീറ്റ് പോസ്റ്റില്‍ എത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷമാവാം മോഷണം നടന്നതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.ഈ എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറ കഴിഞ്ഞ ഒരു മാസമായി പ്രവര്‍ത്തനരഹിതമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന എടിഎം മോഷണത്തിന് സാഹചര്യമൊരുക്കുന്നത് വന്‍ സുരക്ഷാ വീഴ്ച്ചയാണെന്ന കണ്ടെത്തല്‍ എസ്ബിഐക്ക് നാണക്കേടാവുകയാണ്.

RELATED STORIES

Share it
Top