എടിഎം തട്ടിപ്പ്: റുമാനിയക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടു വര്‍ഷം മുമ്പു നടന്ന ഹൈടെക് എംടിഎം തട്ടിപ്പു കേസിലെ മുഖ്യപ്രതി റുമാനിയന്‍ സ്വദേശിയായ ഐനോട്ടു അലക്‌സാണ്ടര്‍ മാരിനോ (28) അറസ്റ്റില്‍. ഇന്റര്‍പോളിന്റെ സഹായത്തോടെ മധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയിലെത്തിയാണ് പോലിസ് പ്രതിയെ പിടിച്ചതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി.
2016 ആഗസ്ത് 8നായിരുന്നു എടിഎം ഹാക്ക് ചെയ്ത് വന്‍ തുക തട്ടിയ സംഭവം നടന്നത്. കേസില്‍ ഒന്നാം പ്രതിയായ ഇലി മരിയന്‍ ഗബ്രിയേലിനെ മോഷണം നടന്ന അടുത്ത ദിവസം മുംബൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മറ്റ് പ്രതികള്‍ രാജ്യം വിടുകയായിരുന്നു. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ശേഷം ഇന്റര്‍പോളുമായി സഹകരിച്ച് പ്രതികളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയായിരുന്നുവെന്ന് ഡിജിപി പറഞ്ഞു.
ഐജി മനോജ് അബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി കെ ഇ ബൈജു, സിറ്റി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ വി സുരേഷ് കുമാര്‍, സിറ്റി ഷാഡോ പോലിസിലെ മണികണ്ഠന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് നിക്കരാഗ്വയിലെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികള്‍ റുമാനിയന്‍ സ്വദേശികളാണെന്ന് പ്രഥമ പരിശോധനയില്‍ തന്നെ കണ്ടെത്തിയിരുന്നു. കേരള പോലിസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട വിദേശിയെ അവിടെ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടുവരുന്നതെന്ന് ഡിജിപി പറഞ്ഞു. കേസിലെ മറ്റു പ്രതികളായ ക്രിസ്റ്റ്യന്‍ വിക്ടര്‍ കോണ്‍സ്റ്റാന്റിനെ ഇംഗ്ലണ്ടിലും പെപ്പെസ്‌കു ഫ്‌ലോറിനെ ജര്‍മനിയിലും കേരള പോലിസ് നല്‍കിയ വിവരമനുസരിച്ച് തടഞ്ഞുവച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇവരുടെയും അറസ്റ്റ് ഉടനെയുണ്ടാവുമെന്നും ഡിജിപി അറിയിച്ചു.
വിനോദസഞ്ചാരികളെന്ന വ്യാജേന തിരുവനന്തപുരത്തെത്തിയ ആറംഗ റുമാനിയന്‍ സംഘം വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലെ എടിഎമ്മില്‍ പ്രത്യേക ഉപകരണം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇലക്ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ ഇടപാടുകാരുടെ എടിഎം കാര്‍ഡ് വിവരങ്ങളും പിന്‍നമ്പറും ശേഖരിച്ച ശേഷം മുംബൈയിലെ എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിക്കുകയായിരുന്നു. 60 പേരുടെ അക്കൗണ്ടുകളില്‍ നിന്നു 10 ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്.

RELATED STORIES

Share it
Top