എടിഎം ഉപയോഗിക്കാന്‍ അറിയാത്തവരെ പറ്റിച്ച് പണം തട്ടുന്നയാള്‍ പിടിയില്‍

ഓയൂര്‍: എടിഎം കാര്‍ഡ് ഉപയോഗിക്കാന്‍ അറിയാത്തവരെ പറ്റിച്ച് പണം തട്ടുന്ന യുവാവിനെ പൂയപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. വിലങ്ങറ കണ്ണന്‍ ഭവനില്‍ വൈശാഖ് (20)ആണ് പിടിയിലായത്. പൂയപ്പള്ളി, ഓടനാവട്ടം, വെളിയം പ്രദേശങ്ങളില്‍ എടിഎം കൗണ്ടറുകളുടെ സമീപത്ത് കറങ്ങി നില്‍ക്കുന്ന വൈശാഖ് പ്രായമായവരും നിരക്ഷരരുമായ ആളുകള്‍ പണമെടുക്കാനായി കൗണ്ടറില്‍ കയറുന്നതോടെ ഇവര്‍ക്കൊപ്പം കയറി സഹായിക്കാമെന്ന് പറഞ്ഞ് എടിഎം കാര്‍ഡ് വാങ്ങി മെഷനില്‍ ഇട്ട ശേഷം ഇടപാടുകാരന്‍ എടുക്കാനാവശ്യപ്പെടുന്ന തുക ഇല്ലായെന്ന് അറിയിക്കും. അതോടെ അക്കൗണ്ടില്‍ എത്ര പണമുണ്ടെന്ന് അക്കൗണ്ട് ഉടമ പറയുന്നത് മനസ്സിലാക്കിയശേഷം ആവശ്യമുള്ള തുക ഉടമയ്ക്ക് എടുത്തു നല്‍കും. പിന്നീട് ഇയാളുടെ കൈവശമുള്ള എടിഎം കാര്‍ഡ് മെഷനിലേക്ക് ഇടുന്നതായി ഭാവിച്ചുകൊണ്ട് മുമ്പ് നടന്ന ഇടപാടിന് ഇനിയും സേവനം ആവശ്യമുണ്ടോ എന്നുള്ള എടിഎം മെഷീന്റെ ചോദ്യത്തിന് അതെ എന്ന് രേഖപ്പെടുത്തിയശേഷം ബാക്കിയുള്ള തുക തട്ടിയെടുക്കുകയാണ് പതിവ്. ഓടനാവട്ടത്തെ എടിഎം കൗണ്ടറില്‍നിന്നും ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട രണ്ടു പേരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇടപാട് നടന്ന സമയം സിസിടിവി പരിശോധിച്ചതില്‍ നിന്നും പ്രതിയെ കണ്ടെത്താനായത്. പൂയപ്പള്ളിഎസ്‌ഐ രാജേഷ്‌കുമാറിന്റെ  നേതൃത്വത്തിലുളള പോലിസ് സംഘം വൈശാഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

RELATED STORIES

Share it
Top