എടവിലങ്ങ് പഞ്ചായത്തില്‍ സിപിഐ നേതാവിന്റെ വോട്ട് ബിജെപിക്ക്‌

കൊടുങ്ങല്ലൂര്‍: എടവിലങ്ങ് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ നേതാവിന്റെ വോട്ട് ബിജെപിക്ക്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. ബിജെപിയിലെ സജിത അമ്പാടിയാണ് നാലിനെതിരേ അഞ്ച് വോട്ട് നേടി സിപിഐയിലെ മിനി തങ്കപ്പനെ പരാജയപ്പെടുത്തിയത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുന്‍ സിപിഐ ലോക്കല്‍ സെക്രട്ടറിയുമായ ടി എം ഷാഫിയാണ് ബിജെപിക്ക് വോട്ട് മറിച്ചത്. കൂടാതെ സിപിഎം നേതാവും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ടി കെ രമേഷ് ബാബുവും സിപിഐയിലെ സുമ വല്‍സനും വോട്ട് അസാധുവാക്കി. ആഴ്ചകള്‍ക്കു മുമ്പു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും രമേഷ് ബാബു വോട്ട് അസാധുവാക്കിയിരുന്നു.
അതേസമയം, ബിജെപിക്ക് വോട്ട് ചെയ്ത ഷാഫിയെ സിപിഐ പുറത്താക്കി.
ബിജെപിക്ക് വിജയമൊരുക്കിയ എല്‍ഡിഎഫ് പഞ്ചായത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്ന് എറിയാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വോട്ട് അസാധുവാക്കി ബിജെപിക്ക് വിജയിക്കാന്‍ അവസരമുണ്ടാക്കിയ രമേശ് ബാബുവിനെതിരേ നടപടിയെടുക്കാന്‍ സിപിഎം നേതൃത്വം തയ്യാറല്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top