എടവനക്കാട് 4 പുലിമുട്ടുകള്‍ക്ക്ഭരണാനുമതി: എംഎല്‍എ

വൈപ്പിന്‍: ദശാബ്ദങ്ങളായുള്ള എടവനക്കാട് കടല്‍ത്തീരത്തുള്ളവരുടെ ആവശ്യമായ പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചതായി എസ് ശര്‍മ എംഎല്‍എ അറിയിച്ചു. അണിയല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാലു പുലിമുട്ടുകളാണ് സ്ഥാപിക്കുന്നത്. ഇതിന്റെ സാങ്കേതികാനുമതി ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നും ഉടന്‍ ടെണ്ടര്‍ നടപടികള്‍ തുടങ്ങുമെന്നും എംഎല്‍എ അറിയിച്ചു. വൈപ്പിന്‍ തീരത്ത് മൊത്തം 18 പുലിമുട്ടുകളാണ് നിര്‍ദേശിച്ചിട്ടുള്ളത്.നിരന്തരമായുള്ള കടല്‍ക്ഷോഭത്തെതുടര്‍ന്ന് എടവനക്കാട് തീരത്തെ കടല്‍ഭിത്തികള്‍ തകര്‍ന്നുകിടക്കുകയാണ്. മദ്രാസ് ഐഐടിയിലെ വിഗദ്ധര്‍ ചൂണ്ടിക്കാട്ടിയ ഇടങ്ങളിലായിരിക്കും പുലിമുട്ടുകള്‍ സ്ഥാപിക്കുന്നത്. ചെറായി, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം ഭാഗങ്ങളില്‍ കടല്‍ഭിത്തികള്‍ ബലപ്പെടുത്തുന്നതിനുള്ള പദ്ധതി സമര്‍പ്പിച്ചിരിക്കുകയാണെന്നും— ശര്‍മ അറിയിച്ചു. ഓഖി ദുരന്തത്തെതുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച നായരമ്പലം വെളിയത്താംപറമ്പിലെ ആറു കുടുംബങ്ങള്‍ക്ക് വീടു വെച്ചു നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റവന്യൂ, ഫിഷറീസ്, പഞ്ചായത്ത് പ്രതിനിധികളുടെ യോഗം നാലിന് ചേരും. ഭൂമി ലഭ്യമാക്കിയാല്‍ വീട് വച്ചു നല്‍കാമെന്ന് ലുലു ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. പരിസ്ഥിതി ദുര്‍ബലമായ വൈപ്പിന്‍ ദ്വീപിന്റെ സംരക്ഷണത്തിനായി എന്തൊക്കെ ചെയ്യാനാവുമെന്ന് ശാസ്ത്രലോകവുമായി ചര്‍ച്ച ചെയ്യുന്നതിന് ജനുവരി അവസാനം ഏകദിന ശില്‍പശാല നടത്തും. ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന ശില്‍പശാലയില്‍ ഉയര്‍ന്നുവരുന്ന ആധികാരിക ശാസ്ത്ര നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ സാധ്യമായതെല്ലാം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പരിസ്ഥിതിക്ക് ഇണങ്ങുംവിധം ദ്വീപ് സംരക്ഷണത്തിനായി കവചമൊരുക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ പി ഷിബു, കെ യു ജീവന്‍മിന്ത്ര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top