എടവണ്ണ ചാത്തല്ലൂരില്‍ ഉരുള്‍പൊട്ടല്‍;നാലു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ടി പി ജലാല്‍

എടവണ്ണ: എടവണ്ണ ഗ്രാമപ്പഞ്ചായത്തിലെ പടിഞ്ഞാറേ ചാത്തല്ലൂരില്‍ ശക്തമായ ഉരുള്‍പൊട്ടല്‍. ഇന്നലെ പുലര്‍ച്ചേ രണ്ടരയോടെ കിലുങ്ങാകുളം രണ്ടാംകൈ ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതിന്റെ ഫലമായി വന്‍ പാറക്കല്ലുകള്‍ക്കൊപ്പം മലവെള്ളം കുത്തിയൊഴുകിയെത്തിയതോടെ പരിസരവാസികള്‍ ഭീതിയിലാണ്. തുടര്‍ന്ന് നാലു കുടുംബങ്ങളെ നാട്ടുകാരുടെ നേതൃത്വത്തില്‍ മാറ്റിപ്പാര്‍പ്പിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്തെ കുമ്പളവന്‍ കറുപ്പന്‍, കളത്തിങ്ങല്‍ ജാഫര്‍, മുരുടന്‍ ചാത്തന്‍, തേവശ്ശേരി അബ്ദു എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിയത്. ഇതില്‍ കറുപ്പന്റേയും ചാത്തന്റേയും വീടുകള്‍ കല്ലും വെള്ളവും പതിച്ച് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഉറക്കത്തിനിടെ ശബ്ദം കേട്ടാണ് കറുപ്പന്റെ കുടുംബം ഉണര്‍ന്നത്. തൊട്ടുടനെ തന്നെ വെള്ളം കുത്തിയൊഴുകിയതോടെ മകള്‍ അമ്പിളിയുടെ 25 ദിവസം പ്രായമായ കുഞ്ഞിനെയുമെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. മകന്‍ രതീഷിന്റെ ബൈക്ക് മലവെള്ളത്തില്‍ തകര്‍ന്നു. ചാത്തന്റെ വീടിനുള്ളിലൂടെയും വെള്ളം കുത്തിയൊഴുകി. ഇയാളുടെ കോഴികള്‍ കൂടടക്കം ഒലിച്ചു പോയി. മറ്റു വീടുകളുടെ സമീപം കല്ലും ചെളിയും കെട്ടിക്കിടക്കുകയാണ്. ഏതു നിമിഷവും വീണ്ടും ശക്തമായി ഉരുള്‍പൊട്ടലുണ്ടാവാന്‍ സാധ്യത നിലവിലുണ്ട്. ഇപ്പോള്‍ ഉരുള്‍പൊട്ടിയ ഭാഗത്ത് 25 കുടുംബങ്ങള്‍ ഇപ്പോഴും ഭീതിയിലാണ്. കഴിഞ്ഞ ദിവസം വൈകീട്ട് നാലിന് പെയ്ത കനത്ത മഴ അര്‍ദ്ധ രാത്രിയിലും തുടര്‍ന്നതാണ് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലിനിടയാക്കിയത്. തൊട്ടടുത്ത ക്വാറിക്ക് സമീപത്തുനിന്ന് വന്‍ പാറക്കല്ലുകളും ചെളിയും റബര്‍തോട്ടത്തിലൂടെ റോഡിലേക്ക് കുത്തിയൊലിച്ചതോടെ മുമ്പുണ്ടായിരുന്ന ചെറിയ നീര്‍ച്ചാല്‍ 20 മീറ്ററോളം വീതിയില്‍ തോടായി മാറുകയായിരുന്നു. അതേസമയം, തൊട്ടടുത്ത കുട്ടാടന്‍ മലയിലും നേരിയ തോതില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. ഇതുപക്ഷേ ജനവാസകേന്ദ്രത്തിനെ  ബാധിച്ചിട്ടില്ല. ഇതിനിടെ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഏറനാട് താലൂക്ക് തഹസില്‍ദാര്‍ പി സുരേഷ്, ആര്‍ഡിഒ കെ അജീഷ്, ഡെപ്യൂട്ടി കലക്ടര്‍ അബ്ദുല്‍ റഷീദ് എന്നിവര്‍ റോഡിലെ കല്ലുകളും മറ്റും നീക്കിയിടാന്‍ നിര്‍ദേശിച്ചത് നാട്ടുകാര്‍ തടഞ്ഞു. അപകടത്തിന് കാരണം മുബാറക് ക്രഷറാണെന്നും ഇത് അടച്ചിടാതെ റോഡിലെ തടസ്സങ്ങള്‍ മാറ്റാനനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തഹസില്‍ദാര്‍ ജില്ലാ കലക്ടറുമായ ബന്ധപ്പെട്ട് ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുമെന്ന ഉറപ്പിലാണ് നാട്ടുകാര്‍ പിരിഞ്ഞത്.  ക്വാറിക്ക് സമീപമുണ്ടായിരുന്ന പുളിക്കല്‍ ചോല ഗതി തിരിച്ചുവിട്ടതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍  പറഞ്ഞു. ഇത് നികത്താനുള്ള ശ്രമവും തുടരുന്നുണ്ട്. ദിവസവും നൂറുകണക്കിന് സ്‌ഫോടനങ്ങളാണ് ഈ ക്വാറിയില്‍ നടക്കുന്നത്. സംഭവം നടക്കുന്നതിന്റെ തലേദിവസവും പാറ പൊട്ടിക്കലും ക്രഷര്‍ പ്രവര്‍ത്തനവും നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ചാത്തല്ലൂരില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. അന്നും ക്വാറി പ്രവര്‍ത്തനത്തിനെതിരേ നാട്ടുകാര്‍ മാസങ്ങളോളം സമരം ചെയ്തുവെങ്കിലും പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിന് നാട്ടുകാര്‍ക്കൊപ്പം തിരുവാലി ഫയര്‍ യൂനിറ്റ്, എടവണ്ണ യൂനിറ്റ്, ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍, എടവണ്ണ പോലിസ് നേതൃത്വം നല്‍കി. പി കെ ബഷീര്‍ എംഎല്‍എ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റസിയ ബഷീര്‍, വൈ.പ്രസി ഇ എ കരീം വാര്‍ഡംഗം ഉമ്മുസല്‍മ എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top