എടയന്നൂര്‍ സംഘര്‍ഷം; 32 പേര്‍ക്കെതിരേ കേസ്

മട്ടന്നൂര്‍: എടയന്നൂരില്‍ സിപിഎം, കോണ്‍ഗ്രസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് 32 പേര്‍ക്കെതിരേ മട്ടന്നൂര്‍ പോലിസ് കേസെടുത്തു.
ഇതില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ കൊതേരിയിലെ ഷന്‍വിന്ദ് (21), സിഐടിയു പ്രവര്‍ത്തകന്‍ ചാലോട്ടെ എ വിനീഷ് (30), കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഫര്‍സിന്‍ മജീദ് (24), എടയന്നൂര്‍ സ്വദേശികളായ ഷുഹൈബ് (29), ഷഫീഖ് (40), നൗഷാദ് (37) എന്നിവരാണു പിടിയിലായത്.
അതേസമയം, അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം, കോണ്‍ഗ്രസ് ആഹ്വാനപ്രകാരം എടയന്നൂരിലും ചാലോട് ടൗണിലും ഹര്‍ത്താല്‍ ആചരിച്ചു.
വ്യാഴാഴ്ചയാണ് എടയന്നൂരില്‍ കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. എടയന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് എസ്എഫ്‌ഐ, കെഎസ് യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച കോടിതോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം.
പിന്നീട് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോണ്‍ഗ്രസ് ഓഫിസായ പ്രിയദര്‍ശിനി മന്ദിരത്തിനുനേരെ ആക്രമണമുണ്ടായി. ഫര്‍ണിച്ചറുകളും മറ്റു സാധനങ്ങളും തകര്‍ത്തു.
അക്രമത്തിനിരയായ ഓഫിസ് മുന്‍ മന്ത്രി കെ സുധാകരന്‍ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top