എടപ്പാള്‍ പഞ്ചായത്തില്‍ മുസ്്‌ലിംലീഗ് പിളര്‍പ്പിലേക്ക്‌

എടപ്പാള്‍: പഞ്ചായത്തിലെ മുസ്്‌ലിംലീഗ് ഔദ്യോഗിക നേതൃത്വത്തിനെതിരേ സമാന്തര സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയിലെ ഒരു പ്രബലവിഭാഗം ഒരുങ്ങുന്നു. ഇ അഹമ്മദ് സാഹിബ് കള്‍ച്ചറല്‍ ഫോറം എന്ന പേരില്‍ സമാന്തര സംഘടന രൂപീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനവുമായി മുന്നോട്ടുപോവാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമപ്പഞ്ചായത്തംഗവും മുസ്്‌ലിംലീഗ് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമുള്‍പ്പെടുന്ന വിഭാഗത്തിന്റെ തീരുമാനം. വര്‍ഷങ്ങളായി പഞ്ചായത്തിലെ പാര്‍ട്ടി നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തുവന്ന ഈ വിഭാഗത്തെ പാടെ അവഗണിച്ചുള്ള നീക്കത്തിനെതിരെയാണ് സമാന്തര കമ്മിറ്റിയുണ്ടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
പഞ്ചായത്തിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ തീര്‍ത്തും അവഗണിച്ചുകൊണ്ടും യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളെ തള്ളിക്കളഞ്ഞും നേതൃത്വം മുന്നോട്ടുപോവുന്നത് ഇനിയും കണ്ടുനില്‍ക്കാനാവില്ലെന്നാണ് വിമത വിഭാഗം പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ പേരില്‍ യൂത്ത്‌ലീഗ് നടത്തിയ അനുസ്മരണ പരിപാടികള്‍ പൊളിക്കാന്‍ മുസ്്‌ലിംലീഗ് നേതൃത്വം രംഗത്തുവന്നിരുന്നു.
ജില്ലാ നേതൃത്വം ആഹ്വാനം ചെയ്യുന്ന പ്രക്ഷോഭ പരിപാടികള്‍ ഒന്നുംതന്നെ നടപ്പാക്കാന്‍ പഞ്ചായത്തിലെ പാര്‍ട്ടി നേതൃത്വം തയ്യാറാവുന്നില്ലെന്നും പാര്‍ട്ടി പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം പോലും വിളിച്ചുചേര്‍ക്കാറില്ലെന്നും വിമത വിഭാഗം ആരോപിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ ധിക്കാരപരമായ ഈ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റും ഗ്രാമപ്പഞ്ചായത്തംഗവുമായ വി കെ എ മജീദ് മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയിലുള്ള തന്റെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം രാജിവച്ചിരുന്നു.
പാര്‍ട്ടിയില്‍ നടന്നുകൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മണ്ഡലം-ജില്ലാതല കമ്മിറ്റികള്‍ ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.
അടുത്ത ദിവസം തന്നെ സമാന്തര സംഘടനാ രൂപീകരണ പ്രഖ്യാപനം നടത്താനുള്ള തയ്യാറെടുപ്പിലാണ് വിമത വിഭാഗം.

RELATED STORIES

Share it
Top