എടപ്പാളിലെ 10 വയസ്സുകാരന്‍ അമേരിക്കയില്‍ താരം

മലപ്പുറം: അമേരിക്കയിലെ വാഷിങ്ടണില്‍ നടന്ന  നാഷനല്‍ ജോഗ്രഫിക് ബി ക്വിസ് മല്‍സരത്തില്‍ എടപ്പാള്‍ സ്വദേശിയായ 10 വയസ്സുകാരന്‍ ഇഹ്‌സാന്‍ ലിഷാര്‍ തിരഞ്ഞടുക്കപ്പെട്ടു. നാലു മുതല്‍ എട്ട് വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ്  ഈ മല്‍സരപരീക്ഷ. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഇഹ്‌സാന്‍  ഉയര്‍ന്ന ക്ലാസുകളിലെ നൂറോളം വിദ്യാര്‍ഥികളെ പിന്നിലാക്കിയാണ് ചാംപ്യനായത്. മല്‍സരത്തിലെ മികച്ച 10 മല്‍സരാര്‍ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയാണ്  ഇഹ്‌സാന്‍.
എട്ടാം ക്ലാസ്  വിദ്യാര്‍ഥിയെ  മറികടന്നാണ് ഇഹ്‌സാന്‍ വാഷിങ്ടണ്‍ സ്റ്റേറ്റ്  ചാംപ്യന്‍ ആയത്.  മെയ് 20, 23 വരെ  വാഷിങ്ടണ്‍  ഡിസിയില്‍ നടത്തുന്ന ദേശീയ ചാംപ്യന്‍ഷിപ്പിലേക്ക് ക്ഷണം കിട്ടിയ 54 മല്‍സരാര്‍ഥികളില്‍ ഒരാളായി അപൂര്‍വ നേട്ടത്തിനുടമായായിരിക്കുകയാണ്.  ചാംപ്യന് 50,000 അമേരിക്കന്‍ ഡോളര്‍ സ്‌കോളര്‍ഷിപ്പും, ഗാലപ്പഗോസ് ഐലന്‍ഡിലേക്കുള്ള ഒരു ടൂര്‍ പാക്കേജും ആണ് കാത്തിരിക്കുന്നത്. ഇന്‍ഫോസിസ് കമ്പനിയിലെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുന്ന ലിഷാറിന്റെയും അഡ്വ. മീരയുടെയും മകനാണ് ഇഹ്‌സാന്‍.
നാല് വയസ്സുകാരി സഹോദരി ഫൈഹയും ഉള്‍പ്പെടുന്ന കുടുംബം വാഷിങ്ടണിലെ ബെല്ലവ്യൂവിലാണ് താമസം. യുഎന്നില്‍ ജോലി ചെയ്ത ശശി തരൂര്‍, മുരളി തുമ്മാരുകുടി തുടങ്ങിയ മലയാളികളുടെ പാത പിന്തുടര്‍ന്ന്, ആഗോള മനുഷ്യ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി തന്റേതായ സംഭാവനകള്‍ നല്‍കാനാണ് ഇഹ്‌സാന്റെ മോഹം.

RELATED STORIES

Share it
Top