എടപ്പാളിലെ മുസ്‌ലിം ലീഗില്‍ വെടിനിര്‍ത്തല്‍

എടപ്പാള്‍: പഞ്ചായത്തിലെ മുസ്്‌ലിംലീഗിലെ ഗ്രൂപ്പ് പോരിന് താല്‍ക്കാലിക പരിഹാരമായി. പരസ്പരമുള്ള വാക് പോരുകളും വിഭാഗീയ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം. 18ന് മലപ്പുറത്ത് വിളിക്കുന്ന യോഗത്തില്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാമെന്ന് ജില്ലാ നേതൃത്വം. പഞ്ചായത്തിലെ മുസ്്‌ലിംലീഗിനുള്ളല്‍ മാസങ്ങളായി കത്തിനില്‍ക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ താല്‍ക്കാലിക പരിഹാരമായി.
പഞ്ചായത്ത് ലീഗ് നേതൃത്വത്തിലെ വിഭാഗീയതയിലും യൂത്ത് ലീഗ് വിഭാഗത്തെ അവഗണിക്കുന്നതിലും പ്രതിഷേധിച്ച് യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റും എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തംഗവുമായ വി കെ എ മജീദ് പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു. ഗ്രാമപ്പഞ്ചായത്തംഗത്വം രാജിവെക്കുന്നത് സംബന്ധിച്ച് വാര്‍ഡിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം വിളിച്ചു ചര്‍ച്ച ചെയ്യുന്നതിനുള്ള ശ്രമത്തിലായിരുന്നു മജീദ്. ഇതോടെയാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റി മുന്‍കൈയെടുത്ത് പരസ്യ പ്രസ്താവനകളും വിഭാഗീയ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ പഞ്ചായത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഈ ഘട്ടത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയത ഏതു വിധേനയും അവസാനിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വരുന്ന 18ന് എടപ്പാളിലെ പാര്‍ട്ടി നേതൃത്വത്തിന്റേയും വിമത വിഭാഗത്തിന്റേയും യോഗം ജില്ലാ കമ്മിറ്റി മലപ്പുറത്ത് വിളിച്ചു ചേര്‍ത്തിട്ടുള്ളത്.
അതിനിടെ കഴിഞ്ഞ ദിവസം പുനസ്സംഘടിപ്പിച്ച തവനൂര്‍ നിയോജക മണ്ഡലം ഭാരവാഹി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ പരിചയ സമ്പന്നരായ ഒട്ടേറെ നേതാക്കളെ തഴഞ്ഞ് അടുത്ത കാലത്ത് പാര്‍ട്ടിയില്‍ വന്ന ചിലരെ ഉള്‍പ്പെടുത്തിയതിനെതിരെയും കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ്ദാന ചടങ്ങ് പരാജയപ്പെടുത്താന്‍ ഔദ്യോഗിക വിഭാഗം ശ്രമം നടത്തിയതും ജില്ലാ നേതൃത്വത്തിന് പരാതി അയച്ചിരുന്നു. ലീഗിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങള്‍ ചേരിതിരിഞ്ഞായിരുന്നു ഇരു വിഭാഗവും സംഘടിപ്പിച്ചിരുന്നത്.
സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുമായി യാതൊരു ബന്ധവും ഇല്ലാത്തവരെയാണ് പഞ്ചായത്ത്തല ഭാരവാഹികളായി തിരഞ്ഞെടുത്തതെന്നും എല്‍ഡിഎഫ് നേതത്വത്തില്‍ ഭരണം നടന്നു വരുന്ന എടപ്പാള്‍ പഞ്ചായത്തില്‍ ഭരണ നേതൃത്വത്തിന്റെ നേറികേടുകള്‍ക്കെതിരെ ശബ്ദിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും നേതൃത്വത്തിനെതിരെ പരാതിയുയര്‍ന്നിട്ടുണ്ട്. 18ന് നടക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്ന രീതിയിലുള്ള തീരുമാനങ്ങളുണ്ടായില്ലെങ്കില്‍ ഗ്രാമപഞ്ചായത്തംഗത്വം ഉള്‍പ്പെടെ രാജിവെക്കാനുള്ള തീരുമാനത്തിലാണ് യൂത്ത്‌ലീഗ് വിഭാഗം.

RELATED STORIES

Share it
Top