എടപ്പാളിലെ തിയേറ്റര്‍ പീഡനം: അമ്മയ്‌ക്കെതിരേ കേസ്


മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിനെതിരേ പോലിസ് കേസെടുത്തു. പോക്‌സോനിയമപ്രകാരമാണ് കേസ്. അമ്മയുടെ അറിവോടെയാണ് കുട്ടിക്കു നേരെ പീഡനം നടന്നതെന്ന് വ്യക്തമായ സാഹചര്യത്തില്‍ പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ വിവരങ്ങള്‍ മറച്ചുവയ്ക്കാനുള്ള ശ്രമമാണ് അമ്മയുടെ ഭാഗത്തു നിന്നുണ്ടായി. സംഭവത്തില്‍ പ്രതിയായ തൃത്താല സ്വദേശിയും വ്യവസായിയുമായ കണ്‍കുന്നത്ത് മൊയ്തീന്‍കുട്ടി (60) ഇന്നലെ പിടിയിലായിരുന്നു.

അമ്മയുടെ മൗനാനുവാദത്തോടെയാണ് തിയേറ്ററിനകത്ത് സിനിമ നടന്നുകൊണ്ടിരിക്കെ മൊയ്തീന്‍കുട്ടി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. പ്രതികളെ മഞ്ചേരി കോടതിയില്‍ ഇന്ന് ഹാജരാക്കും. എടപ്പാളിലെ ഒരു തിയേറ്ററില്‍ ഏപ്രില്‍ 18ന് ആണ് സംഭവം നടന്നത്. തിയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ മായ്തീന്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. തിയേറ്റര്‍ ഉടമകള്‍ ചൈല്‍ഡ്‌ലൈന്‍ മുഖേന പോലിസില്‍ പരാതിനല്‍കിയിരുന്നെങ്കിലും ഇയാള്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറായിരുന്നില്ല. സംഭവത്തില്‍ വീഴ്ചവരുത്തിയ ചങ്ങരംകുളം എസ്‌ഐ കെ ജെ ബേബിയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മൊയ്തീന്‍ കുട്ടി ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് ഒതുക്കിയതായും പുറത്തുവന്നിട്ടുണ്ട്.

ദുബയിലും ഷൊര്‍ണൂരിലും ജ്വല്ലറി നടത്തുകയാണ് പ്രതി മൊയ്തീന്‍കുട്ടി. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമുണ്ട്. ഇയാളുടെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുന്ന ഈ സ്ത്രീയുമായി കുറേക്കാലമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്ലസ്ടു, ഡിഗ്രി ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ കൂടി ഈ സ്ത്രീക്കുണ്ട്. പ്രതി മൊയ്തീന്‍ കുട്ടി പെണ്‍കുട്ടിയെ നേരത്തേയും പീഡിപ്പിച്ചതായി സംശയിക്കുന്നുണ്ട്. ഇയാള്‍ സ്ത്രീ താമസിക്കുന്ന വീട്ടില്‍ നിരന്തരം വന്ന് പോകാറുണ്ടായിരുന്നു എന്നാണ് അറിയുന്നത്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top