എടക്കാനത്ത് ക്രഷറിന് അനുമതി; സിപിഎമ്മിലും ലീഗിലും ഭിന്നത

ഇരിട്ടി: എടക്കാനത്ത് ജനവാസ കേന്ദ്രത്തില്‍ സ്ഥാപിക്കുന്ന ക്രഷറിനു ലൈസന്‍സ് നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട്് സിപിഎമ്മിലും ലീഗിലും ഭിന്നത. കേവല ഭൂരിപക്ഷമില്ലാതെ നഗരസഭാ ഭരണം നടത്തുന്ന സിപിഎമ്മിന് ക്രഷര്‍ ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ ലീഗിലെ കൗണ്‍സിലര്‍മാര്‍ നല്‍കിയ കൈത്താങ്ങാണ് ലീഗില്‍ ഭിന്നതക്കിടയാക്കിയതെങ്കില്‍ പ്രദേശിക പാര്‍ട്ടി അംഗങ്ങളുടെ വികാരം മാനിക്കാതെ എടുത്ത തീരുമാനമാണ് സിപിഎമ്മില്‍ മുറുമുറുപ്പിനിടയാക്കിയത്. വര്‍ഷങ്ങളായി ഇരിട്ടി നഗരസഭയില്‍ സിപിഎമ്മും ലീഗും പരസ്പര സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ലീഗിലെ വലിയൊരു വിഭാഗത്തിന്റെയും കോണ്‍ഗ്രസിന്റെയും പരാതി.
ഇതാവട്ടെ ലീഗില്‍ പൊട്ടിത്തെറികള്‍ക്കും വഴിമരുന്നിട്ടിരുന്നു. ഉളിയിലെ ചില നേതാക്കളെയും കൗണ്‍സിലര്‍ എം പി അബ്്ദുര്‍റഹ്്മാനെയും ലീഗില്‍ നിന്നു പുറത്താക്കുന്നതിനു വഴിവച്ചതും സിപിഎമ്മുമായുള്ള രഹസ്യ ബാന്ധവമായിരുന്നുവെന്നാണ് ലീഗ് നേതത്വം പറഞ്ഞത്. ഇതേ നേതത്വം തന്നെ ഇപ്പോള്‍ നഗരസഭയില്‍ സിപിഎം തീരുമാനത്തോട് ഒട്ടിനില്‍ക്കുന്നത്് അണികള്‍ക്കിടയില്‍ മുറുമുറപ്പിന് ഇടയാക്കിയിട്ടുണ്ട്.
നേരത്തേ പലവട്ടം നഗരസഭാ യോഗത്തില്‍ അജണ്ടയായി വന്നപ്പോഴും ക്രഷര്‍ വിരുദ്ധ സമീപനം സ്വീകരിച്ച ലീഗ് അംഗങ്ങള്‍ പൊടുന്നനെ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ നേരത്തേയുള്ള നിലപാടില്‍ ഉറച്ചുനിന്ന് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ ലീഗിലെ ഇരിട്ടി ടൗണ്‍ കൗണ്‍സിലര്‍ റുബീന റഫീഖ് കോണ്‍ഗ്രസിനോടോപ്പം ഇറങ്ങിവന്നതും ലീഗ് നേതൃത്വത്തിനു തിരിച്ചടിയായിട്ടുണ്ട്. യസിപിഎമ്മിലാവട്ടെ പ്രദേശിക അഭിപ്രായം മാനിക്കാതെ എടുത്ത തീരുമാനം പ്രദേശത്ത് കോണ്‍ഗ്രസും ബിജെപിയും ആയുധമാക്കുമെന്ന ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ക്രഷറിനെതിരേ നേരത്തേ തന്നെ പ്രാദേശിക സിപിഎം ബ്രാഞ്ച് കമ്മിറ്റികളുടെ എതിര്‍പ്പ് ഉണ്ടായിരുന്നുവത്രേ. സാമൂഹിക മാധ്യമങ്ങളിലും പാര്‍ട്ടി അനുഭാവികള്‍ ഇതിനെതിരേ പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്.
33 അംഗ നഗരസഭാ കൗണ്‍സിലില്‍ വെറും 13 അംഗങ്ങളുമായി ഭരിക്കാന്‍ സിപിഎമ്മിനു കഴിയുന്നതിന്റെ കാരണം മുസ്്‌ലിംലീഗ് നേതൃത്വത്തിന്റെ വിഴുപ്പലക്കലാണ്. 15 അംഗങ്ങള്‍ ഉണ്ടായിട്ടും നാലുവര്‍ഷത്തിനിടെ ഒരു അവിശ്വാസത്തിന് നോട്ടീസ് കൊടുക്കാന്‍ പോലും യുഡിഎഫിന് സാധിക്കാതെപോയത് മുസ്്‌ലിംലീഗില്‍ ഒരുവിഭാഗത്തിന്റെ സിപിഎം നേതൃത്വവുമായുള്ള രഹസ്യ സഹകരണമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ലീഗില്‍ സിപിഎം ബന്ധമുള്ളവരെ ഒഴിവാക്കിയെന്ന് പറയുമ്പോഴും പിന്നെയും ഒഴിയാബാധയായി ഇത്തരം തീരുമാനങ്ങള്‍ എങ്ങനെ വരുന്നെന്നാണ് ലീഗ് അണികള്‍ ചോദിക്കുന്നത്. പാര്‍ട്ടി ഉന്നത നേതത്വത്തിന്റെ അറിവില്ലാതെ നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാ ര്‍ വിചിത്രനിലപാട് സ്വീകരിക്കില്ലെന്നും അണികള്‍ പറയുന്നു.
അതിനിടെ, എടക്കാനത്ത് ജനവാസ മേഖലയില്‍ ക്രഷര്‍ സ്ഥാപിക്കുന്ന സ്ഥലം കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. ബ്ലോക്ക് നേതാക്കളായ തോമസ് വര്‍ഗീസ്, പി എ നസീര്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പി വി മോഹനന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ജനവാസ മേഖലയില്‍ ക്രഷര്‍ സ്ഥാപിക്കാനുള്ള തീരുമാത്തിനെതിരേ ശക്തമായ സമരം നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top