എടക്കാനത്തെ ക്രഷര്‍: സിപിഎമ്മിന് ലീഗ് പിന്തുണ

ഇരിട്ടി: ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് ജനവാസ മേഖലയില്‍ ക്രഷര്‍ അനുവദിക്കുന്ന വിഷയത്തില്‍ ഭരണകക്ഷിയായ സിപിഎമ്മിന് മുസ്‌ലിം ലീഗ് നല്‍കിയ പിന്തുണ യുഎഡിഎഫില്‍ ഭിന്നതയ്ക്കിടയാക്കി. ഇന്നലെ നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് കേവല ഭൂരിപക്ഷമില്ലാതെ സിപിഎം ഭരണസമിതിക്ക് പിന്തുണയുമായി ലീഗ് അംഗങ്ങള്‍ നിലകൊണ്ടത്്. എടക്കാനം മുത്തപ്പന്‍ കരിയിലെ ക്രഷറിന് ലൈസന്‍സ് നല്‍കുന്ന വിഷയം അജണ്ടയായി എത്തി. നഗരസഭയിലെ ആകെയുള്ള 33 അംഗങ്ങളില്‍ സിപിഎം ഭരണസമിതിക്ക് 13 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്.
യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങളും ബിജെപിയിലെ അഞ്ചില്‍ ഹാജറായ നാലുപേരും നേരത്ത എടുത്ത നിലപാടില്‍ ഉറച്ചുനിന്ന് വിയോജന കുറിപ്പെഴുതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. മുസ്‌ലിം ലീഗാവാട്ടെ പൊടുന്നനെ നിലപാട് മാറ്റി സിപിഎമ്മിനൊപ്പം ക്രഷറിന് അനുകൂലമായ നിലപാടെടുത്തു.
എന്നാല്‍, ഇരിട്ടി ടൗണ്‍ കൗണ്‍സിലര്‍ റുബീന റഫീഖ് കോണ്‍ഗ്രസിനൊപ്പം ക്രഷറിനെ എതിര്‍ത്ത് യോഗത്തില്‍നിന്ന് ഇറങ്ങി പോയത് ലീഗിന് തിരിച്ചടിയായി. ലീഗില്‍നിന്ന് പുറത്താക്കപ്പെട്ട എം പി അബ്ദുറഹമാന്‍ നിക്ഷ്പക്ഷ നിലപാടാണ് കൈക്കൊണ്ടത്. ക്രഷര്‍ അനുവദിക്കുന്നതിനെതിരേ നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ച് പ്രതിഷേധം നടത്തിവരികയാണ്. ക്രഷര്‍ യൂനിറ്റിനായി കെട്ടിടം നിര്‍മിക്കാന്‍ നഗരസഭ എന്‍ഒസി നല്‍കിയപ്പോള്‍ തന്നെ എടക്കാനത്തെ സിപിഎം വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ സമീപവാസികള്‍ കര്‍മസമിതി രൂപീകരിച്ചിരുന്നു. ഈ അംഗമാവട്ടെ സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിന് വിധേയമായി ഇന്നലത്തെ യോഗത്തില്‍ ക്രഷര്‍ അനുകൂല നിലപാടെടുത്തു. സമീപവാസികളുടെ എതിര്‍പ്പുണ്ടെന്ന റിപോര്‍ട്ട് നിലനിലനില്‍ക്കെ പല കൗണ്‍സില്‍ യോഗങ്ങളിലും ലൈസന്‍സ് വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്, പ്രളയദുരന്തങ്ങളും മറ്റും കണക്കിലെടുത്തും പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് കാരണവും കഴിഞ്ഞ മൂന്ന് യോഗങ്ങളില്‍നിന്ന് ലൈസന്‍സ് പ്രശ്‌നം മാറ്റിവയ്ക്കുകയുണ്ടായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം സിപിഎം അനുകൂല നിലപാട് സീകരിക്കുന്നതായി ആരോപിച്ചതിനാണ് എം പി അബ്ദുറഹ്മാനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. അന്ന് രൂക്ഷമായ എതിര്‍പ്പുയര്‍ത്തിയവര്‍ ഇപ്പോള്‍ സിപിഎം അനുകൂല നിലപാട് സ്വീകരിച്ചത് വിവാദമായി.

RELATED STORIES

Share it
Top