എടക്കാട്ടെ കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മീഷന്‍ മൊഴിയെടുത്തു

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവ് പോലിസ് മര്‍ദനമേറ്റ് മരണപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ് വീട്ടിലെത്തി മൊഴിയെടുത്തു. എടക്കാട് ബസാറില്‍ അരച്ചങ്കില്‍ പരേതനായ മമ്മൂട്ടി-സക്കീനയുടെയും മകന്‍ ഉനൈസ് (32) മരണപ്പെട്ട സംഭവമാണ് പോലിസ് മര്‍ദനത്തെ തുടര്‍ന്നാണെന്നു പരാതിയുയര്‍ന്നത്. ഇന്നലെ വൈകീട്ട് നാലോടെ ഉനൈസിന്റെ വീട്ടിലെത്തിയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന ആക്റ്റിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പോലിസ് സ്‌റ്റേഷനിലെത്തിയും മൊഴിയെടുത്തത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും ജില്ലാ പോലിസ് മേധാവി നേരിട്ട് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ രണ്ടിനാണു ഉനൈസ് മരണപ്പെട്ടത്. ഭാര്യാപിതാവിന്റെ പരാതിയില്‍ എടക്കാട് പോലിസിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉനൈസ് രണ്ടുമാസം വീട്ടില്‍ കിടപ്പിലായ ശേഷമാണ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അന്നുതന്നെ പരാതി നല്‍കിയെങ്കിലും പോലിസ് മൊഴിയെടുക്കാന്‍ പോലും തയാറായിരുന്നില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ്
പോലിസ് മര്‍ദനമാണ് കാരണമെന്നു മനസ്സിലായത്. തുടര്‍ന്ന് കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. വീടിനു കല്ലെറിഞ്ഞുവെന്ന ഭാര്യാപിതാവിന്റെ പരാതിയെ തുര്‍ന്ന് ഫെബ്രുവരി 21ന് ഉനൈസിനെ എടക്കാട് പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്.
തെറ്റു ചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും താക്കീത് ചെയ്തു വിട്ടയച്ചു. അന്നുരാത്രി ഭാര്യാപിതാവിന്റെ സ്‌കൂട്ടര്‍ അജ്ഞാതര്‍ കത്തിച്ചു. പിറ്റേന്നു അതിരാവിലെ എടക്കാട് സ്‌റ്റേഷനിലെ നാലു പോലിസുകാര്‍ വാഹനവുമായി വീട്ടിലെത്തി ബലംപ്രയോഗിച്ച് കൊണ്ടുപോയ ശേഷമാണ് മര്‍ദിച്ചതെന്നാണു പരാതി.

RELATED STORIES

Share it
Top