എച്ച്1ബി വിസ: കാലാവധി നീട്ടല്‍ അപേക്ഷ നിരസിക്കപ്പെട്ടാല്‍ നാടുകടത്തല്‍ നടപടി

വാഷിങ്ടന്‍: യുഎസില്‍ എച്ച്1ബി വിസാ കാലാവധി നീട്ടിക്കിട്ടാനുള്ള അപേക്ഷ നിരസിക്കപ്പെട്ടാല്‍ ഇനി നാടുകടത്തല്‍ നടപടികള്‍ക്കു വിധേയരാവേണ്ടി വരും. മുമ്പ് വിസ നീട്ടിക്കിട്ടാനുള്ള അപേക്ഷ നിരസിക്കപ്പെട്ടാല്‍ ഉടന്‍ നാട്ടിലേക്കു മടങ്ങാമായിരുന്നു. എന്നാല്‍ പുതിയ നിയമ പരിഷ്‌കരണം അനുസരിച്ച്
എമിഗ്രേഷന്‍ കോടതി അനുവദിച്ച ശേഷമേ മടങ്ങാനാവൂ. കുറ്റവാളികളെ ജന്മനാട്ടിലേക്കു മടക്കി അയക്കുന്ന അതേ നടപടിക്രമമാണ് ഇവര്‍ക്കും ഇനി ബാധകമാവുക. സ്റ്റാറ്റസ് മാറ്റിക്കിട്ടുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലും യുഎസില്‍ താമസിക്കാനുള്ള കാലാവധി തീര്‍ന്നാലും ഇതേ നടപടിക്കു വിധേയരാവേണ്ടിവരും. യുഎസില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരായാണ് ഇവരെ കണക്കാക്കുക.
കോടതിയില്‍ ഹാജരാവാന്‍ നോട്ടീസ് അയക്കുന്നതോടെ നിയമ നടപടിക്കു തുടക്കമാവും. കേസ് കേള്‍ക്കുന്നതു വരെ ജോലി ചെയ്യാനാവാതെ മാസങ്ങളോളം യുഎസില്‍ തങ്ങേണ്ടി വരും.
ഇങ്ങനെ മടങ്ങുന്നവര്‍ക്ക് പിന്നീട് 10 വര്‍ഷത്തേക്ക്് യുഎസിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. മെയ് 31 വരെയുള്ള കണക്കുപ്രകാരം എമിഗ്രേഷന്‍ കോടതിയില്‍ ഏഴു ലക്ഷത്തില്‍പരം കേസുകളാണ് കെട്ടിക്കിടക്കുന്നത്.
എച്ച്1ബി വിസക്കാര്‍ക്കു മാത്രമല്ല, വിദേശരാജ്യങ്ങളില്‍ നിന്നു ഇവിടെ പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികളും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.

RELATED STORIES

Share it
Top