എച്ച്1ബി വിസയ്ക്ക് വീണ്ടും നിയന്ത്രണങ്ങള്‍

വാഷിങ്ടണ്‍: എച്ച്1ബി വിസ അനുവദിക്കുന്നതിനു പുതിയ നിര്‍ദേശങ്ങളുമായി യുഎസിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം. എച്ച്1ബി വിസയ്ക്ക് ഒരു വ്യക്തി ഒന്നിലധികം അപേക്ഷകള്‍ നല്‍കിയാല്‍ അപേക്ഷ റദ്ദാക്കുമെന്നു യുഎസ് കുടിയേറ്റ വിഭാഗം അധികൃതര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് യുഎസില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്കു പൗരത്വ കുടിയേറ്റ സേവന വിഭാഗം (സിഐഎസ്) മുന്നറിയിപ്പു നല്‍കി.
അപേക്ഷകള്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്നും ഏതെങ്കിലും വ്യക്തി കാരണം കൂടാതെ ഒന്നിലധികം അപേക്ഷകള്‍ അയച്ചാല്‍ അതു നിരസിക്കപ്പെടുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. നാളെ മുതലാണ് 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള വിസാ അപേക്ഷകള്‍ സ്വീകരിക്കുന്നത്. എച്ച്1ബി വിസയ്ക്കുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത് ഇന്ത്യക്കാരായ ഐടി വിദഗ്ധരെ ബുദ്ധിമുട്ടിലാക്കും. വിവിധ കമ്പനികളില്‍ നിന്ന് തൊഴിലവസരങ്ങള്‍ വരുന്നതിനെ തുടര്‍ന്നാണ് ഒന്നിലധികം തവണ എച്ച്1ബി വിസയ്ക്ക് അപേക്ഷിക്കുന്നത്.
വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ വ്യക്തിയുടെ സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങളും നല്‍കണമെന്ന് യുഎസ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ച്ചയായി അഞ്ചുവര്‍ഷമായി ഉപയോഗിച്ചുവരുന്ന മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കണമെന്നും അറിയിപ്പുണ്ടായിരുന്നു. സുരക്ഷയുടെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

RELATED STORIES

Share it
Top