എച്ച്എംസിയില്‍ വിഭാഗീയത: പ്രതിഷേധവുമായി അംഗങ്ങള്‍

പത്തനംതിട്ട: ജനറല്‍ ആശുപത്രി വികസനത്തിനുളള മാസ്റ്റര്‍പ്ലാന്‍ എംഎല്‍എ അവതരിപ്പിച്ചത് തങ്ങളറിയാതെയാണെന്ന് ഒരുവിഭാഗം ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍. ഏതാനും എച്ച്എംസി അംഗങ്ങളെ ഒപ്പമിരുത്തിയാണ് കഴിഞ്ഞദിവസം എംഎല്‍എ മാസ്റ്റര്‍പ്ലാന്‍ അവതരിപ്പിച്ചത്. മാസ്റ്റര്‍പ്ലാനിനെ കുറിച്ചോ യോഗം ചേര്‍ന്നതിനെ സംബന്ധിച്ചോ അറിയില്ല. എച്ച്എംസിയില്‍ വിഭാഗീയത ഉണ്ടാക്കുന്ന നടപടിയാണിതെന്നും അംഗങ്ങള്‍ ആരോപിച്ചു. ആശുപത്രിയുടെ മേല്‍നോട്ട ചുമതലയുളള നഗരസഭയുടെ ചെയര്‍പേഴ്‌സണ്‍ ഇല്ലാതെയാണ് എംഎല്‍എ മാസ്റ്റര്‍പ്ലാന്‍ അവതരിപ്പിച്ചത്. അതേസമയം, നഗരസഭ വൈസ് ചെയര്‍മാന്‍ എംഎല്‍എയ്‌ക്കൊപ്പം പങ്കെടുക്കുകയും ചെയ്തു.
മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കുന്നതിനു മുമ്പ് എച്ച്എംസി അംഗങ്ങളെ അറിയിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ പ്രതിനിധി അബ്ദുല്‍ ഷുക്കൂര്‍ പറഞ്ഞു. ആശുപത്രി വികസനത്തെ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങളും മാസ്റ്റര്‍ പ്ലാനും എച്ച്എംസി അംഗങ്ങളെ അറിയിക്കാത്തതില്‍ വ്യാപാരികളുടെ പ്രതിനിധി പ്രസാദ് ജോണ്‍ മാമ്പ്രയും പ്രതിഷേധിച്ചു.
അതേസമയം, മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച രാവിലെ 11ന് ആശുപത്രിയില്‍ എച്ച്എംസി യോഗം ചേര്‍ന്നിരുന്നതായി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ പറഞ്ഞു. രാവിലെ നടന്ന യോഗത്തിന്റെ അറിയിപ്പ് ഉച്ചകഴിഞ്ഞാണ് തനിക്കു ഫോണില്‍ സന്ദേശം ലഭിച്ചത്. യോഗത്തിനു ശേഷമാണ് മാസ്റ്റര്‍പ്ലാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചതെന്നാണ് അറിഞ്ഞതെന്നും സിന്ധു അനില്‍ പറഞ്ഞു.
എംഎല്‍എ ആവശ്യപ്പെട്ടതനുസരിച്ചാണ് അടിയന്തരമായി എച്ച്എംസി യോഗം വിളിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീലത പറഞ്ഞു. വെള്ളിയാഴ്ചയാണ് യോഗം വിളിക്കാന്‍ പറഞ്ഞത്. അംഗങ്ങളെ ഫോണില്‍ വിളിക്കുകയായിരുന്നു. വിളിച്ചിട്ട് കിട്ടാത്തവര്‍ക്ക് സന്ദേശം അയച്ചിരുന്നതായും സൂപ്രണ്ട് പറഞ്ഞു.

RELATED STORIES

Share it
Top