എങ്ങുമെത്താതെ എരുമേലി ശുദ്ധജല പദ്ധതി : പണി തുടരാന്‍ ഫണ്ടില്ല; ചെലവിട്ടത് 53 കോടിഎരുമേലി: അനുവദിച്ച 53 കോടിയും ചെലവിട്ടിട്ടും എരുമേലി സമഗ്ര ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തിയാക്കാനായില്ല. ഇനി കുറഞ്ഞത് 13 കോടി രൂപ കൂടി വേണ്ടി വരുമെന്ന് ജലഅതോറിറ്റി. എരുമേലി പഞ്ചായത്തിലുടനീളം 200 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലും കൊല്ലമുള വില്ലേജിലും ജലവിതരണകുഴലുകള്‍ സ്ഥാപിക്കുന്ന പണികളാണ് ഇനി പ്രധാനമായി നടത്താനുളളത്. എരുമേലി ടൗണില്‍ ദേശീയപാതയോരത്ത് 350 മീറ്ററോളം റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് ജല അതോറിറ്റി അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി ഒരു സംഭരണ ടാങ്ക് കൂടി നിര്‍മിക്കാനുണ്ട്. കൊടിത്തോട്ടത്ത് നിര്‍മിക്കുന്ന ഈ സംഭരണടാങ്കിന് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കമ്മീഷന്‍ ചെയ്യാറായ കനകപ്പലം 110 കെവി സബ്‌സ്‌റ്റേഷനില്‍ നിന്ന് മുക്കൂട്ടുതറ എംഇഎസ് കോളജിന് സമീപത്തുളള ജലശുദ്ധീകരണശാലയിലേക്ക് വൈദ്യുതിലൈന്‍ സ്ഥാപിച്ച് വൈദ്യുതി എത്തിച്ചാലാണ് ശുദ്ധീകരണ ശാല പ്രവര്‍ത്തിപ്പിക്കാനാവുക. പദ്ധതിയുടെ പമ്പ് ഹൗസ് സ്ഥാപിച്ചിരിക്കുന്ന പെരുന്തേനരുവിയിലെ ഇടത്തിക്കാവിലേക്കും വൈദ്യുതിലൈന്‍ സ്ഥാപിക്കണം. കമ്മീഷനൊരുങ്ങുന്ന പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ 33 കെവി സബ് സ്‌റ്റേഷനില്‍ നിന്നാണ് പമ്പ് ഹൗസിന് വൈദ്യുതിയെത്തുന്നത്. ഈ പ്രവൃത്തികള്‍ക്കെല്ലാമായി കെഎസ്ഇബിക്ക് ഫണ്ട് നല്‍കുകയും വേണം. നാലുവര്‍ഷം മുമ്പാണ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാരംഭിച്ചത്. പമ്പ് ഹൗസ്, കിണര്‍, ഒരു കോടി ലിറ്റര്‍ ജലംശുദ്ധീകരിക്കാവുന്ന പ്ലാന്റ്,  എട്ട് ജലസംഭരണടാങ്കുകള്‍, ആറര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 600 എംഎം വ്യാസമുളള റോ വാട്ടര്‍ മെയിന്‍ പമ്പിങ് ഡി ഐ പൈപ്പുകള്‍ സ്ഥാപിക്കല്‍ , തുടങ്ങിയ നിര്‍മാണങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകള്‍.

RELATED STORIES

Share it
Top