എക്‌സൈസ് സേനയുടെ ലക്ഷ്യം ലഹരിമാഫിയയുടെ വേരറുക്കല്‍: മന്ത്രി

തൃശൂര്‍: ലഹരിമാഫിയയുടെ വേരറുക്കുകയാണു സംസ്ഥാന എക്‌സൈസ് സേനയുടെ ലക്ഷ്യമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. തൃശൂര്‍ എക്‌സൈസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരുടെ മൂന്നാമതു ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി.
ശക്തമായ നിയമങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാനത്തിനകത്തേക്കു മയക്കുമരുന്നുകള്‍ കടത്തുകയാണ് ലഹരിമരുന്നു മാഫിയ. വിദ്യാര്‍ഥികളും യുവാക്കളുമാണ് ഇതിന്റെ ഇരകള്‍. ലഹരി ഉപയോഗത്തിന്റെ ഉല്‍പന്നമാണ് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍. യുവതലമുറയെ വഴിതെറ്റിക്കുന്ന ലഹരിമാഫിയയുടെ വേരറുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഋഷിരാജ് സിങ് എക്‌സൈസ് കമ്മീഷണറായതിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ എക്‌സൈസ് വകുപ്പ് സര്‍വകാല റെക്കോഡ് കൈവരിച്ചതായും മന്ത്രി അറിയിച്ചു.
115 വനിതകളാണ് ഇക്കുറി എക്‌സൈസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. പരിശീലന കാലയളവില്‍ മികച്ച പ്രകടനം നടത്തിയ വി ജയശ്രീ, എം നിമ്മി, പി ജെ നീന, പി എ ദിവ്യ എന്നിവര്‍ക്കു മന്ത്രി സമ്മാനം നല്‍കി.
എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, അഡീഷമല്‍ എക്‌സൈസ് കമ്മീഷണര്‍ എ വിജയന്‍, അക്കാദമി പ്രിന്‍സിപ്പല്‍ പി വി മുരളീകുമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top