എക്‌സൈസ് വകുപ്പും പരാധീനതകളും

ഷിനില  മാത്തോട്ടത്തില്‍

ഈ വര്‍ഷം എക്‌സൈസ് വകുപ്പ് മാത്രം മയക്കുമരുന്നും കഞ്ചാവുമായി ബന്ധപ്പെട്ട് 7000 റെയ്ഡുകള്‍ നടത്തുകയും 2600ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ എക്‌സൈസ് വകുപ്പില്‍ നിലവില്‍ 5000ല്‍ ചുവടെ ജീവനക്കാര്‍ മാത്രമാണുള്ളത്. അഞ്ചോ പത്തോ പോലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന ഒരു ഏരിയയില്‍ ഒരു എക്‌സൈസ് റേഞ്ച് ഓഫിസാണ് പ്രവര്‍ത്തിക്കുന്നത്. അനുദിനം വര്‍ധിച്ച തോതില്‍ കടത്തുന്ന മയക്കുമരുന്നും കഞ്ചാവും കൃത്യമായി പിടികൂടാന്‍ എക്‌സൈസ് വകുപ്പിന്റെ നിലവിലെ ആള്‍ബലം മതിയാവില്ല. ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും നാര്‍കോട്ടിക് സെല്ലും ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിലവിലെ ആള്‍ബലം തന്നെയാണ് വെല്ലുവിളിയുയര്‍ത്തുന്നത്. എക്‌സൈസ് വകുപ്പിലെ ആള്‍ബലം കൂട്ടിക്കഴിഞ്ഞാല്‍ ഒരു പരിധി വരെ കടത്തുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും. കഞ്ചാവുകടത്തിനെക്കുറിച്ച് എന്തെങ്കിലും ചെറിയ വിവരം ലഭിച്ചുകഴിഞ്ഞാല്‍ പോലും കൃത്യസമയത്ത് ഉദ്യോഗസ്ഥര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാറില്ല. എക്‌സൈസ് വകുപ്പില്‍ ആധുനിക സജ്ജീകരണങ്ങളും ആവശ്യമായ വാഹനങ്ങളുമില്ലാത്തതുമാണ് കാരണം. പല തവണ തലനാരിഴയ്ക്ക് പലരും കൈയില്‍ നിന്നു വഴുതിപ്പോയിട്ടുണ്ടെന്ന് എക്‌സൈസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. പോലിസിനു പിടികൂടാന്‍ അധികാരമുണ്ടെങ്കിലും പരിമിതികളുണ്ട്. മൊബൈല്‍ ടവര്‍ നിരീക്ഷിച്ച് ആളെ പിടിക്കാനോ അവരെ പിന്തുടരാനോ ഒന്നും എക്‌സൈസ് വകുപ്പിനു സാധിക്കാറില്ല. ഇതിലെല്ലാമുപരി പിടിച്ചെടുക്കുന്ന സാധനങ്ങള്‍ മയക്കുമരുന്നാണെന്ന് തിരിച്ചറിയാന്‍ പോലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും സാധിക്കാറില്ല. കൃത്യമായ പരിശീലനം ലഭിക്കാത്തതാണ് കാരണം. മയക്കുമരുന്ന് തിരിച്ചറിയാനുള്ള കിറ്റുകള്‍ നല്‍കാറുണ്ടെങ്കിലും കൃത്യമായി ലഭ്യമല്ലാത്തത് വകുപ്പിന്റെ പരാധീനതകള്‍ക്ക് ആക്കംകൂട്ടുന്നു. കൃത്യമായ പരിശീലനം നല്‍കുകയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയതായി വന്നുകൊണ്ടിരിക്കുന്നത് അടക്കമുള്ള മയക്കുമരുന്നുകളെ പരിചയപ്പെടുത്തുകയും ചെയ്താല്‍ കുറേയധികം കള്ളക്കടത്തുകള്‍ പിടിക്കാന്‍ സാധിക്കും. മിക്ക എക്‌സൈസ് ഓഫിസുകള്‍ക്കും സ്വന്തമായി കെട്ടിടങ്ങള്‍ പോലുമില്ല. വാടകക്കെട്ടിടങ്ങളിലാണ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. ചെക്‌പോസ്റ്റുകള്‍ നവീകരിച്ച് സ്‌കാനര്‍ പോലുള്ള സംവിധാനങ്ങള്‍ ഒരുക്കിനല്‍കിയാലേ വകുപ്പിനെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കൂ. പൊതുജനാരോഗ്യത്തെയും പൊതുവിദ്യാഭ്യാസത്തെയും മറ്റ് അടിസ്ഥാന വിഷയങ്ങളെയും പോലെത്തന്നെ മയക്കുമരുന്നു നിര്‍മാര്‍ജനവും സമൂഹത്തെ രക്ഷിക്കുക എന്നതും പ്രധാന ലക്ഷ്യമായി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ട്. വരുംതലമുറയെ രക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിന് ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ ഏറ്റവും ആദ്യം കൈക്കൊള്ളേണ്ടത്. നിലവിലെ ദയനീയ സ്ഥിതി മാറി എക്‌സൈസ് വകുപ്പിന് ആവശ്യമായ വാഹനങ്ങള്‍, സജ്ജീകരണങ്ങള്‍, സ്റ്റാഫുകള്‍ എന്നിവയെല്ലാം ഒരുക്കണം.  (നാളെ: ആയുധമാക്കുന്നത് ബുദ്ധിജീവികളെ)

RELATED STORIES

Share it
Top