എക്‌സൈസ് മന്ത്രിയോട് ചോദ്യങ്ങളുമായി ചെന്നിത്തല

കോഴിക്കോട്: സംസ്ഥാനത്തു മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും തുടങ്ങാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനോട് 10 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിന്‍ഫ്രയുടെ 10 ഏക്കര്‍ ഭൂമി ബ്രൂവറി തുടങ്ങാന്‍ കൈമാറിയതിനു പിന്നില്‍ വ്യവസായ വകുപ്പിന്റെ ഇടപെടലുണ്ടെന്ന് ആരോപിച്ച ചെന്നിത്തല താന്‍ പറയുന്നതു തെറ്റാണെങ്കില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച് അഴിമതിയില്ലെന്നു തെളിയിക്കണമെന്നും ആവശ്യപ്പെട്ടു.
രഹസ്യമായി വിളിച്ചുവരുത്തി ഇഷ്ടക്കാര്‍ക്ക് എഴുതിക്കൊടുക്കാന്‍ ഇതൊന്നും ആരുടെയും കുടുംബസ്വത്തല്ല. നായനാരും അച്യുതാനന്ദനും ചെയ്യാത്ത അഴിമതിക്കാണു പിണറായി വിജയന്‍ കൂട്ടുനിന്നിരിക്കുന്നത്. ഘടകകക്ഷികളെപ്പോലും അറിയിക്കാതെ നടത്തിയ ഇടപാടില്‍ കോടികളടെ അഴിമതിയാണു നടന്നിരിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ, എക്‌സൈസ് മന്ത്രിയോ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. എല്‍ഡിഎഫിന്റെ മദ്യനയത്തിലും പ്രകടന പത്രികയിലും പറയാത്ത കാര്യമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.
ബ്രൂവറിക്കായി കൊച്ചി കിന്‍ഫ്ര പാര്‍ക്കില്‍ 10 ഏക്കര്‍ ഭൂമി അനുവദിച്ചത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. കൊച്ചിയില്‍ അനുവദിച്ച ബ്രൂവറിയെക്കുറിച്ച് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഒരു വിവരവും നല്‍കിയിട്ടില്ല. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍ പരിശോധിച്ചു മറുപടി നല്‍കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. അഴിമതിയാരോപണം തളളിക്കളയുന്നു. ആരോപിച്ചതുകൊണ്ട് അഴിമതിയാവില്ല. സ്വന്തം അനുഭവത്തില്‍ നിന്നാണ് പ്രതിപക്ഷം അഴിമതി ആരോപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top