എക്‌സൈസ് ഓഫിസര്‍മാര്‍ക്ക് എതിരേ വനിതാ ജീവനക്കാര്‍

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ ഒരുകൂട്ടം വനിതാ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതി അടിസ്ഥാനരഹിതമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ റിപോര്‍ട്ട്. ഇതുസംബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ തയ്യാറാക്കിയ റിപോര്‍ട്ട് വകുപ്പ് മന്ത്രിക്ക് ഉടന്‍ കൈമാറും. വനിതാ ഓഫിസര്‍മാര്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതി അന്വേഷണത്തിനായി എക്‌സൈസ് മന്ത്രിക്ക് കൈമാറിയിരുന്നു. ഇതുപ്രകാരമാണ് എക്‌സൈസ് കമ്മീഷണര്‍ സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ നല്‍കിയ പരിശോധനാ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് കമ്മീഷണര്‍ റിപോര്‍ട്ട് തയ്യാറാക്കിയത്. എക്‌സൈസ് കമ്മീഷണര്‍ കഴിഞ്ഞമാസവും സംസ്ഥാനത്തെ മുഴുവന്‍ റേഞ്ച് ഓഫിസുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെങ്കിലും ഇത്തരത്തില്‍ ഒരു പരാതി ആരും ഉന്നയിച്ചിരുന്നില്ല. അതേസമയം ഇത്തരം പരാതികള്‍ ഇല്ലാതെ നോക്കാന്‍ വനിതാ സിവില്‍ ഓഫിസര്‍മാരുടെ യോഗം പ്രതിമാസം വിളിച്ചുചേര്‍ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രതിമാസ റിപോര്‍ട്ട് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം. ആരോപണം ഉണ്ടാവുന്നപക്ഷം കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം.
എല്ലാ റേഞ്ച് ഓഫിസുകളിലും പരാതിപ്പെട്ടി സ്ഥാപിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. അതേസമയം രാത്രികാല കാവല്‍, രാത്രിസമയങ്ങളിലെ എഫോഴ്‌സ്‌മെന്റ്പ്രവര്‍ത്തനങ്ങളില്‍ വനിതാ ഓഫിസര്‍മാരെ വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. ജോലിസമയം കൃത്യമായി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ വനിതകളെ അറസ്റ്റ് ചെയ്യേണ്ടി വരുമ്പോഴോ, വീട് പരിശോധന നടത്തേണ്ടി വരുമ്പോഴോ മാത്രമേ വനിതകളുടെ സേവനം ഉപയോഗപ്പടുത്താറുള്ളൂവെന്നും റിപോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

RELATED STORIES

Share it
Top