എക്‌സൈസിലെ വനിതാ ഓഫിസര്‍മാര്‍ക്ക്എതിരേ പരാതിയുമായി പുരുഷ ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: പുരുഷ ഉദ്യോഗസ്ഥര്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന എക്‌സൈസ് വകുപ്പിലെ വനിതാ ഓഫിസര്‍മാരുടെ പരാതിക്കു പിന്നാലെ വനിതാ ഓഫിസര്‍മാര്‍ക്കെതിരേ പരാതിയുമായി  പുരുഷ ഉദ്യോഗസ്ഥരും. ജോലിയിലെ വീഴ്ച ചൂണ്ടിക്കാട്ടുമ്പോള്‍ പീഡനക്കേസില്‍ കുടുക്കാനുള്ള ശ്രമമാണെന്നാണു പരാതിയില്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന് കത്തയച്ചിരിക്കുകയാണ് ഇവര്‍. വിവിധ റേഞ്ചുകളിലെ ഡെപ്യൂട്ടി ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കത്തയച്ചിരിക്കുന്നത്.
നേരത്തെ വനിതാ ഓഫിസര്‍മാര്‍ നല്‍കിയ പോലെത്തന്നെ പേരില്ലാതെയാണ് കത്തിലൂടെ പരാതി ഉന്നയിച്ചിരിക്കുന്നത്. പേരുവച്ചാല്‍ പീഡനക്കേസില്‍ കുടുക്കുമെന്ന ഭയമുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതുമൂലം പലപ്പോഴും ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതുള്‍പ്പെടെ നിരവധി പരാതികള്‍ വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരേ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
വകുപ്പിലെ ചില വനിതാ ജീവനക്കാര്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം ഉണ്ടെന്നും തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരെ ഉപദ്രവിക്കാന്‍ ഇവര്‍ ഈ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ടെന്നും ഇത്തരത്തില്‍ പല അനുഭവങ്ങളുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു. വനിതാ ജീവനക്കാരി യൂനിഫോം ധരിക്കാതെ സിവില്‍ വസ്ത്രത്തില്‍ ഓഫിസിലെത്തിയത് ചോദ്യംചെയ്ത പ്രിവന്റീവ് ഓഫിസറെ പീഡനാരോപണം ഉന്നയിച്ച് കുടുക്കാന്‍ നടത്തിയ ശ്രമവും കത്തില്‍ വിവരിച്ചിട്ടുണ്ട്. ഇതുകാരണം വളരെ വൈകിയെത്തുന്ന ഇവര്‍ക്കെതിരേ പ്രതികരിക്കാന്‍ പലര്‍ക്കും പേടിയാണ്. ഒപ്പം പുരുഷ ജീവനക്കാരെ പോലെ തന്നെ സ്ത്രീകള്‍ക്കും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ജോലി എന്നത് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ പുരുഷന്‍മാരുടെ അതേ ശമ്പളവും യൂനിഫോമും അലവന്‍സും വനിതാ ജീവനക്കാര്‍ക്കും ലഭിക്കുന്നുണ്ടെങ്കിലും അധിക ഡ്യൂട്ടി എടുക്കാനോ ജോലി സമയത്തില്‍ വിട്ടുവീഴ്ച ചെയ്യാനോ ഇവര്‍ തയ്യാറല്ല. വനിതകള്‍ക്ക് രാത്രി സ്റ്റേഷന്‍ ഡ്യൂട്ടി ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിയാറില്ലെന്നും പലപ്പോഴും ഡ്യൂട്ടി സമയം തീരുന്നതിനു മുമ്പുതന്നെ പോവുന്നത് സ്റ്റേഷനുകളിലെ പതിവ് കാഴ്ചയാണെന്നും പരാതിയില്‍ ബോധിപ്പിക്കുന്നുണ്ട്.
എക്‌സൈസ് വകുപ്പില്‍ 2014 മുതലാണ് വനിതാ ഓഫിസര്‍മാര്‍ക്ക് നിയമനം നല്‍കിയത്. ഇതുവരെ മൂന്നു ബാച്ചുകളിലായി നിയമിതരായ വനിതാ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. അതേസമയം വനിതകളെ വകുപ്പില്‍ നിയമിച്ച കാലം മുതല്‍ തന്നെ വകുപ്പില്‍ നിന്ന് ഗുരുതര ആരോപണങ്ങളുയര്‍ന്നിരുന്നു. എക്‌സൈസ് വകുപ്പില്‍ വനിതാ ജീവനക്കാരെ പുരുഷ ഉദ്യോഗസ്ഥര്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയ സംഭവം വന്‍ വിവാദമായിരുന്നു.

RELATED STORIES

Share it
Top