എക്‌സി. എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ആലപ്പുഴ-ചങ്ങനാശ്ശേരി കെഎസ്ടിപി റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതില്‍ വീഴ്ചവരുത്തിയ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനിതകുമാരിയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
ചെങ്ങന്നൂര്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഓഫിസ് ഉദ്ഘാടനം നിര്‍വഹിക്കുന്നതിന് ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരി റോഡിലൂടെ പോവുമ്പോഴാണ് റോഡില്‍ 2200 ഓളം കുഴികള്‍ ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ റോഡ് അറ്റകുറ്റപ്പണി ചെയ്തത്. കടുത്ത അഴിമതിയാണ് ഈ പ്രവൃത്തിയില്‍ നടന്നത്. 2016ലും 2017ലും മന്ത്രി തന്നെ നേരിട്ട് നിര്‍ദേശം നല്‍കിയാണ് അറ്റകുറ്റപ്പണി നടത്തിയത്.
ഇത്തവണ ഈ മാസം തന്നെ പലതവണ പറഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതിനാലാണ് നടപടി സ്വീകരിച്ചത്.
അറ്റകുറ്റപ്പണിയുടെ കാര്യത്തിനായി മന്ത്രിയുടെ ഓഫിസില്‍ നിന്നു പലതവണ ഫോണ്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാനോ തിരിച്ചുവിളിക്കാനോ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തയ്യാറായില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തെ അഴിമതിയുടെ അവശിഷ്ടമാണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ ഈ പ്രവൃത്തിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അതോടൊപ്പം അറ്റക്കുറ്റപ്പണി നടത്തുന്നതില്‍ വീഴ്ചവരുത്തിയ സൂപ്രണ്ടിങ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെടാനും മന്ത്രി നിര്‍ദേശിച്ചു. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top