എക്‌സിറ്റ്‌പോള്‍ എന്ന മഹാദ്ഭുതം

നാട്ടുകാര്യം  -  കുന്നത്തൂര്‍ രാധാകൃഷ്ണന്‍
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒരു അദ്ഭുത പ്രതിഭാസമുണ്ട്. എക്‌സിറ്റ്‌പോള്‍ എന്നാവുന്നു ഈ പഹയന്റെ പേര്. മുമ്പ് ഒപീനിയന്‍ പോള്‍ എന്ന് പരന്ത്രീസില്‍ പറയുന്ന അഭിപ്രായ വോട്ടെടുപ്പ് എന്നായിരുന്നു ശെയ്ത്താനെ വിശേഷിപ്പിച്ചിരുന്നത്.
ഒപീനിയന്‍ പോള്‍ താരതമ്യേന നിരുപദ്രവകരമായിരുന്നു. കുറേയൊക്കെ സത്യസന്ധതയും അതിനുണ്ടായിരുന്നുവെന്ന് ആയിരം പൂര്‍ണചന്ദ്രന്മാരെയും അതിലേറെ വോട്ടെടുപ്പ് മാമാങ്കവും ദര്‍ശിച്ച കോരന്‍ എന്ന ഇതിഹാസ പുരുഷന്‍ പറയുന്നു.
കാലക്രമത്തില്‍ അപ്പുക്കുറുപ്പും തിയ്യനാവും എന്ന് സുരാസു പറഞ്ഞതുപോലെ ഒപീനിയന്‍ പോള്‍, എക്‌സിറ്റ്‌പോളായി മാറി. എക്‌സിറ്റ്‌പോളിന് ഒരു മലയാളം ഈ ഭൂമിമലയാളത്തില്‍ കണ്ടുപിടിച്ചിട്ടില്ല. കളത്തിനു പുറത്തുള്ള വോട്ടെടുപ്പ് എന്നാണോ ഇതിനു പറയേണ്ടത്. അല്ലെങ്കില്‍ സ്റ്റേജിനു പുറത്തെ ചവിട്ടുനാടകമെന്നോ? പന്മന രാമചന്ദ്രന്‍നായരടക്കമുള്ള മലയാളഭാഷാ ഭിഷഗ്വരന്മാരോട് ചോദിക്കുകയായിരിക്കും നല്ലത്. കാരശ്ശേരി മാഷോട് ചോദിച്ചാലും മതിയാവുമെന്നാണ് കോരന്‍ പറയുന്നത്. കാരശ്ശേരിയില്ലെങ്കില്‍ എന്തു മലയാളം! മാഷ് തെളിമലയാളത്തിന്റെ ആശാനാണല്ലോ! എന്നാല്‍, കോരനെ തെറിമലയാളത്തിന്റെ വിദ്വാനായി ചില കള്ളുകുടിയന്മാര്‍ വിശേഷിപ്പിക്കുന്നത് ഒരു ശൈലിയായി മാറിയിട്ടുണ്ട്. സ്ഥലം കുറച്ചേ ഉള്ളൂ എന്നതിനാലും വിസ്താരഭയം എന്ന മൂര്‍ഖന്‍പാമ്പ് പിടികൂടിയതിനാലും വല്ലാതെ വലിച്ചുനീട്ടുന്നില്ല.
പറഞ്ഞുകൊണ്ടുവരുന്നതും ഇനി പറയാന്‍ പോവുന്നതും എക്‌സിറ്റ്‌പോള്‍ എന്ന മഹാവിസ്മയത്തെ കുറിച്ചാണല്ലോ! എക്‌സിറ്റ്‌പോളിന്റെ ഉദ്ഭവത്തെക്കുറിച്ച് കോരന്‍ ചില ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരാള്‍ പണിയൊന്നുമില്ലാതെ ഇരിക്കുന്നു. പണി ഇല്ലാഞ്ഞിട്ടല്ല. മേലനങ്ങി ജോലിചെയ്യാന്‍ മനസ്സില്ലാഞ്ഞിട്ടാണ്. അപ്പോള്‍ കൂട്ടുകാരിലൊരുവന്‍ ഇപ്രകാരം സംവാദത്തിനു തുടക്കമിടുന്നു:
''തിരഞ്ഞെടുപ്പു മാമാങ്കമായി. മ്മള് ങനെ വെറുതെ ഇരുന്നാല്‍ മതിയോ.''
''തിരഞ്ഞെടുപ്പും മ്മളും തമ്മില്‍ എന്തു ബന്ധം ബലാലേ?''
''ചങ്ങായ് ഇങ്ങനെ ഇരുന്നാല്‍ പിത്തംപിടിക്കും. തിരഞ്ഞെടുപ്പില്‍ ആളുകളുടെ ഹിതമറിയുക എന്നത് ഒരു പൗരന്റെ ഭരണഘടനാ കര്‍ത്തവ്യമാണ്.''
''ഇയ്യ് ഞാന്‍ വിചാരിച്ചപോലല്ലല്ലോ, ആളൊരു ബുദ്ധിജീവിയാണല്ലോ!''
''നാട്ടില്‍ കള്ളും കഞ്ചാവും ഉള്ളിടത്തോളം ബുദ്ധിക്കാണോ മുട്ട്?''
സംവാദം ഇത്രയുമായപ്പോള്‍ അപരന് കക്കൂസില്‍ പോവാന്‍ തോന്നി. അതോടെ സംഭാഷണം മുറിഞ്ഞു എന്നു പ്രത്യേകം പറയേണ്ടതുണ്ടല്ലോ.
അപരന്‍ തിരിച്ചെത്തി കുറേനേരം ആലോചനയിലാണ്ടു. ചങ്ങാതിയെ അനുകരിച്ച് മറ്റവനും ദീര്‍ഘചിന്തയിലാണ്ടു. എഴുപതുകളിലെ ന്യൂവേവ് സിനിമാരംഗംപോലെ നിശ്ചലമായിരുന്നു ചേതോഹരദൃശ്യം.
ഇരുവരും ഒന്നും മിണ്ടാതെ വാണിയംകുളം ചന്തയിലേക്കു നടന്നു. അവിടെ കണ്ട പോത്ത് വില്‍പനക്കാരനോടു ചോദിച്ചു: ''ആരാണു തിരഞ്ഞെടുപ്പില്‍ ജയിക്കുക.''  ''ഭരണവിരുദ്ധ വികാരം ശക്തമാണ്. പോത്തിനെ വാങ്ങാന്‍ ജനത്തിന്റെ കൈയില്‍ കാശില്ല.''
''അപ്പോള്‍ പ്രതിപക്ഷം വരുമെന്നാണോ പറയുന്നത്.''
''വന്നില്ലെങ്കില്‍ ഓറെ ഞാള് കൊല്ലും.''
ഇത്തരം എക്‌സിറ്റ്‌പോളിന്റെ ബലത്തിലാണ് വാജ്‌പേയി സര്‍ക്കാരും മന്‍മോഹന്‍സിങ് സര്‍ക്കാരും ഭരണം പിടിച്ചത്.
അങ്ങനെ പണിയൊന്നുമില്ലാത്തവര്‍ എക്‌സിറ്റ്‌പോള്‍ നിര്‍മാതാക്കളായി. പിന്നെപ്പിന്നെ എക്‌സിറ്റ്‌പോള്‍ സംഘടിപ്പിക്കുന്നതിന് ധനം എന്ന പണം പ്രധാന മന്ത്രവാദിയായി.
ഒരു മുറി വടകയ്‌ക്കെടുത്ത് എക്‌സിറ്റ്‌പോള്‍ ഓഫിസ് എന്ന ബോര്‍ഡ് സ്ഥാപിച്ചാല്‍ മതി. തിരഞ്ഞെടുപ്പാവുമ്പോള്‍ കുശാലായി. എക്‌സിറ്റ്‌പോള്‍ സംഘടിപ്പിക്കുന്നതിന് ഏജന്റുമാര്‍ പറന്നെത്തും. ആരെ കാണണം, ആരു ജയിക്കണം എന്നൊക്കെ അവര്‍ പറഞ്ഞുതരും. തോറ്റമ്പുമെന്ന് ഉറപ്പുള്ള പാര്‍ട്ടികള്‍ ജയിക്കുമെന്നു പറയണം. ജയിക്കാന്‍ പോവുന്ന പാര്‍ട്ടിയോ മുന്നണിയോ തോല്‍ക്കുമെന്നു പറയണം. കോഴിക്കോട്ടെ പച്ചക്കറി പാളയത്തിലോ കൊച്ചിയിലെ മട്ടാഞ്ചേരിയിലോ പോയി വോട്ടര്‍മാരുടെ അഭിപ്രായമാരായാം. ഫലം നമുക്ക് അനുകൂലമാവണമെന്നു മാത്രം. എക്‌സിറ്റ്‌പോള്‍ വിശാരദന്മാരുടെ ബാങ്ക് ബാലന്‍സ് കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് സുതാര്യമാവും എന്നു പ്രത്യേകം പറയേണ്ടതുണ്ട്.
ഇപ്പോള്‍ ബസവണ്ണന്റെ കന്നഡ നാട്ടിലാണ് പൊടിപൊടിക്കാന്‍ പോവുന്നത്. അവിടെ സിദ്ധന്റെ ഭരണകക്ഷി വീണ്ടും കസേര പിടിക്കും എന്നായിരുന്നു ആദ്യ എക്‌സിറ്റ്‌പോള്‍ ഫലം. എന്നാല്‍, ലിംഗായത്തുകള്‍ കൂറുമാറി സിദ്ധന്റെ പക്ഷം ചേര്‍ന്നപ്പോള്‍ സിദ്ധന്റെ നില ഭദ്രമാവുകയല്ല. തൂക്കുസഭയാണത്രേ വരാന്‍ പോവുന്നത്. ഇതാണ് കൂട്ടരെ എക്‌സിറ്റ്‌പോള്‍ മാജിക് എന്നു പറയുന്നത്. സംഗതി ഇതൊക്കെയാണെങ്കിലും യോഗേന്ദ്രയാദവിനെ പോലുള്ള യഥാര്‍ഥ മന്ത്രവാദികളെ കോരന്‍ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ പെടുത്തിയിട്ടില്ല. അവരെ ബഹുമാനിക്കുകയും വെറുതെവിടുകയും ചെയ്യുന്നു. ആമേന്‍!                                                      ി

RELATED STORIES

Share it
Top