എകെജിക്കെതിരായ പരാമര്‍ശം തെറ്റ്

തിരുവനന്തപുരം/മലപ്പുറം/ കോട്ടയം:  എ കെ ഗോപാലനെതിരേ വിവാദ പരാമര്‍ശം നടത്തിയ വി ടി ബല്‍റാം എംഎല്‍എയെ തള്ളി കോണ്‍ഗ്രസ്. എകെജിക്കെതിരേ നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്നും അതു കോണ്‍ഗ്രസ് നിലപാടല്ലെന്നും കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. എല്ലാവരും ആദരിക്കുന്ന നേതാവാണ് എകെജി. അദ്ദേഹത്തിനെതിരേ അത്തരമൊരു പരാമര്‍ശം നടത്തിയത് തെറ്റായിപ്പോയി. ഇക്കാര്യം ബല്‍റാമിനോട് നേരിട്ടു സംസാരിച്ചു. വ്യക്തിപരമായ ഒരു പരാമര്‍ശത്തെ വളച്ചൊടിച്ചതാണെന്നു ബല്‍റാം വിശദീകരിച്ചെന്നും ഹസന്‍ പറഞ്ഞു. എകെജിക്കെതിരായ പരാമര്‍ശം വിവാദമായതോടെയാണ് ബല്‍റാമിനെ തള്ളിപ്പറഞ്ഞു പാര്‍ട്ടി തന്നെ രംഗത്തെത്തിയത്.  സ്വാതന്ത്ര്യസമര സേനാനിയും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റുകാരനുമായ എകെജിയെ  വി ടി ബല്‍റാം ഇകഴ്ത്തിപ്പറഞ്ഞത് ഒട്ടും ശരിയായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഈ പിശക് തിരുത്താന്‍ ബല്‍റാം തയ്യാറാവണമെന്ന് അ ദ്ദേഹം ആവശ്യപ്പെട്ടു.  ബല്‍റാം ഖേദം പ്രകടിപ്പിക്കുമെന്നാണ് കരുതുന്നതെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം, എകെജിയെ അവഹേളിച്ച വി ടി ബല്‍റാം വിവരദോഷിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. വിവരദോഷിയായ എംഎല്‍എയുടെ തെറ്റ് തിരുത്താന്‍ വിവേകമുള്ളവര്‍ കോണ്‍ഗ്രസ്സിലില്ലെന്നും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു. ബല്‍റാമിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച എംഎല്‍എക്ക് കോണ്‍ഗ്രസ്സിന്റെ ചരിത്രമോ എകെജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ കോണ്‍ഗ്രസ്സിന്റെ മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാര്‍ട്ടി നേതൃത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.എകെജിയെക്കുറിച്ചുള്ള ബല്‍റാമിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് വിവാദമായി ഒരു ദിവസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ബല്‍റാമിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കം സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബല്‍റാമിന്റെ പരാമര്‍ശത്തോട് വിയോജിച്ചു. എകെജിയെക്കുറിച്ചു വി ടി ബല്‍റാം നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ലെന്നു  രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.  ഈ പരാമര്‍ശത്തിന്റെ നിജസ്ഥിതി അറിയാന്‍ താന്‍ വി ടി ബല്‍റാമിനെ വിളിച്ചു സംസാരിച്ചെന്നും സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെ മോശക്കാരായി ചിത്രീകരിച്ചപ്പോള്‍ താന്‍ പ്രതികരിച്ചതാണെന്നാണ് ബല്‍റാം മറുപടി പറഞ്ഞതെന്നും ചെന്നിത്തല സൂചിപ്പിച്ചു. ബല്‍റാമിനെ വിമര്‍ശിക്കുന്നതിനിടെ കോണ്‍ഗ്രസ്സുകാരെ ഒന്നടങ്കം അധിക്ഷേപിച്ച മുഖ്യമന്ത്രിക്കും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കി. സ്വന്തം മന്ത്രിമാരെ നിലയ്ക്കു നിര്‍ത്തിയ ശേഷം മതി കോണ്‍ഗ്രസ്സുകാര്‍ക്കുള്ള സാരോപദേശം എന്ന് വിനയത്തോടുകൂടി മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നുവെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ മറ്റുള്ളവരെ പുലഭ്യം പറയുന്നത് മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം  വ്യക്തമാക്കി. എകെജി-സുശീലാ ഗോപാലന്‍ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് വി ടി ബല്‍റാം എംഎല്‍എ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. അധിക്ഷേപകരമായ മറ്റു പരാമര്‍ശങ്ങളും ഉണ്ടായതോടെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെ ബല്‍റാമിനെതിരേ ഉണ്ടായത്.

RELATED STORIES

Share it
Top