എഐസിസി പ്ലീനറി സമ്മേളനം മാര്‍ച്ച് 16 മുതല്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാവുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്ന എഐസിസി പ്ലീനറി സമ്മേളനം മാര്‍ച്ച് 16 മുതല്‍ 18 വരെ ഡല്‍ഹിയില്‍ നടക്കും. ഇന്നലെ വൈകീട്ട് എഐസിസി ആസ്ഥാനത്തു നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് പ്ലീനറി സമ്മേളനം സംബന്ധിച്ച വേദിയും തിയ്യതിയും തീരുമാനിച്ചത്.
പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയെ തിരഞ്ഞെടുക്കുന്ന സമ്മേളനത്തില്‍ ബ്ലോക്ക് തലം മുതലുള്ള നേതാക്കള്‍ പങ്കെടുക്കും. രാഹുല്‍ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടശേഷമുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം പ്രവര്‍ത്തകസമിതി പിരിച്ചുവിട്ടിരുന്നു. അതേസമയം, പുതിയ പ്രവര്‍ത്തകസമിതിയില്‍ പ്രവര്‍ത്തനപരിചയത്തിനും യുവത്വത്തിനും മുന്തിയ പരിഗണന നല്‍കുമെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ വ്യക്തമാക്കി. മതിയായ വനിതാ പ്രാതിനിധ്യവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രവര്‍ത്തകസമിതി പുനസ്സംഘടനയില്‍ കേരളത്തിന് ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് സൂചനയുണ്ട്. നിലവില്‍ മുതിര്‍ന്ന നേതാവായ എ കെ ആന്റണി മാത്രമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. ഡല്‍ഹിയുടെ ചുമതലയുള്ള പി സി ചാക്കോ സ്ഥിരം ക്ഷണിതാവാണ്. എന്നാല്‍, ഇത്തവണ പി സി ചാക്കോയ്ക്ക് സമിതിയില്‍ സ്ഥിരാംഗത്വം ലഭിച്ചേക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. സമുദായ പ്രാതിനിധ്യം പരിഗണിക്കുകയാണെങ്കില്‍ കെ സി വേണുഗോപാലിനും അവസരം ലഭിച്ചേക്കും. നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയാണ് കെ സി വേണുഗോപാല്‍.
ഗുജറാത്ത് തിരഞ്ഞെടുപ്പിലെ കുതിപ്പിന്റെയും രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന്റെയും ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതിനാല്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ക്കും നിലപാടുകള്‍ വ്യക്തമാക്കുന്നതിനും കരുത്തുറ്റ പ്രവര്‍ത്തകസമിതിയുടെ തിരഞ്ഞെടുപ്പും പ്ലീനറി സമ്മേളനം ചര്‍ച്ചചെയ്യും.
ഇന്നലെ രാഹുല്‍ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി—ക്കെതിരേ നീരവ് മോദി വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. സര്‍ക്കാരിലെ ഉന്നതരുടെ സംരക്ഷണമില്ലാതെ 22,000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടക്കില്ലെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും വിശദീകരണം നല്‍കണം.
മോദി രാജ്യത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ത്തു. നിയമങ്ങള്‍ സാധാരണക്കാര്‍ക്കു മാത്രമാണ് ബാധകമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍, 25 അംഗ സമിതിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുപ്പ് കൂടാതെ നോമിനേറ്റ് ചെയ്യുകയാണോ എന്ന കാര്യത്തില്‍ നേതാക്കള്‍ വ്യക്തത വരുത്തിയിട്ടില്ല.

RELATED STORIES

Share it
Top