എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റിനെതിരായ നടപടി : സിപിഐയില്‍ വിഭാഗീയത രൂക്ഷംപട്ടാമ്പി: എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റിനെ പുറത്താക്കിയ  സിപിഐ ജില്ലാ കമ്മിറ്റിയുടെ നടപടി സെക്രട്ടറിയുടെ അഴിമതി ആരോപണം മറക്കാനാന്നെന്ന വാദവുമായി സിപിഐയിലെ ഒരു വിഭാഗം രംഗത്ത്. സിപിഐ മുന്‍ പട്ടാമ്പി മണ്ഡലം അസിസ്റ്ററ്റ് സെക്രട്ടറിയും, നിലവിലെ എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റും സിപിഐയുടെ സാംസ്‌കാരിക വിഭാഗമായ ഇപ്റ്റയുടെ പട്ടാമ്പി മണ്ഡലം പ്രസിഡന്റുമായ വി ടി സോമനെ അകാരണമായി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതിനെതിരേയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ജില്ലാ സെക്രട്ടറിയുടെ അവിശുദ്ധ ബന്ധങ്ങളെ ചൂണ്ടിക്കാട്ടിയ നേതാക്കള്‍ക്കെതിരേ സെക്രട്ടറിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ജില്ലാ കമ്മിറ്റിയുടെ നടപടിയെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി സെക്രട്ടറി വിദേശത്ത് പോയി ഫണ്ട് പിരിച്ചിരുന്നതായും ചന്ദനമാഫിയകളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത്തരത്തില്‍ വന്ന ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതിന് പിറകില്‍ വി ടി സോമനാണെന്നാണ്  ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് പക്ഷത്തിന്റെ ആരോപണം.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പട്ടാമ്പി അസംബ്ലി മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ ഇപ്പോള്‍ മറനീക്കി പുറത്ത് വരികയാണ്. നിലവിലെ എംഎല്‍എക്കെതിരേ ശക്തമായ എതിര്‍പ്പുമായി കെ പി സുരഷ്‌രാജ് പക്ഷം പ്രവര്‍ത്തകര്‍ രംഗത്ത് വരുകയും സിപിഐ പട്ടാമ്പി മണ്ഡലം കമ്മിറ്റി ഓഫിസിന് മുന്നില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഷൊര്‍ണ്ണൂരില്‍ നിന്നും എത്തിയ സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അഭിലാഷിന്റെ നേതൃത്വത്തിലെത്തിയ പാര്‍ട്ടി ഭാരവാഹികളാണ് ഇവിടെ അക്രമം നടത്തിയത്.  അക്രമത്തില്‍ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി രാധാകൃഷ്ണന് പരിക്കേറ്റിരുന്നു. എന്നാല്‍ അക്രമത്തില്‍ പങ്കാളികളായവര്‍ക്ക് നല്‍കിയ ശിക്ഷയെക്കള്‍ കടുത്ത ശിക്ഷയാണ് അക്രമ സമയത്ത് സ്ഥലത്തില്ലാതിരുന്ന വി ടി സോമന് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു വാര്‍ത്ത ഷെയര്‍ ചെയ്തു പോയി എന്നതാണ് സോമനെ പുറത്താക്കാനുണ്ടായ കാരണം. കഴിഞ്ഞ സിപിഐ മണ്ഡലം സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നു വന്ന പേരിലൊന്നായിരുന്നു സോമന്റേത്. എന്നാല്‍ ജില്ലാ കമ്മിറ്റിയില്‍ അനുദിനം പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജില്ലാ സെക്രട്ടറി തന്റെ സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ശ്രമത്തിലാണെന്നാണ് സോമനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്. അതിനായി മണ്ഡലത്തില്‍ തന്റെ വിശ്വസ്ഥനും ഷൊര്‍ണ്ണൂര്‍ സ്വദേശിയുമായ അഭിലാഷിനെ സെക്രട്ടറിയാക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. സിപിഐ ഓഫിസില്‍ നടന്ന അക്രമം പിടിച്ചു മാറ്റാന്‍ ശ്രമിച്ച പട്ടാമ്പി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി മുജീബിനെ ഉള്‍പ്പെടെ നടപടിക്ക് വിധേയരാക്കിയിരിക്കുകയാണ് ജില്ലാ നേതൃത്വം.

RELATED STORIES

Share it
Top