എഎസ് കനാല്‍ മലിനമയം ; നടപടിയില്ലാതെ അധികൃതര്‍ചേര്‍ത്തല: നഗരമധ്യത്തിലെ എഎസ് കനാല്‍ ചീഞ്ഞുനാറുന്നു. തോട്ടിലെ ഒഴുക്കു നിലച്ചതും കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യനിക്ഷേപം യഥേഷ്ടം തുടരുന്നതിനാല്‍ തോട്ടിലെ വെള്ളത്തിനു തന്നെ ഒരു തരം മഞ്ഞ നിറമായി മാറിയിരിക്കുകയാണ്. അറവുശാല മാലിന്യങ്ങള്‍ ഉള്‍പ്പെടെയാണ് കനാലില്‍ തള്ളുന്നത്. കനാലിന് കുറുകെ നഗരത്തിലുള്ള രണ്ട് പാലങ്ങളില്‍ നിന്നാണ് കനാലിലേക്ക് ചാക്കില്‍നിറച്ച മാലിന്യം തള്ളുന്നത്. ഇരുമ്പുപാലവും സെന്റ് മേരീസ് പാലവും കേന്ദ്രീകരിച്ചാണ് രാത്രിയില്‍ മാലിന്യനിക്ഷേപം.  കനാലിന് സമീപത്തുള്ള കടകളിലെ മാലിന്യം മാത്രമല്ല, അറവുശാലകളിലെയും ഇതര മേഖലകളിലെയും അവശിഷ്ടങ്ങള്‍ ഇവിടെയാണ് നിക്ഷേപിക്കുന്നത്. മൃഗങ്ങളുടെ  മാംസഭാഗങ്ങളും അസ്ഥികളും കുടലും വെള്ളത്തില്‍ ചീഞ്ഞളിഞ്ഞ് അസഹ്യമായ ദുര്‍ഗന്ധമാണ് പരത്തുന്നത്. വെള്ളം വറ്റിയതോടെ ദുര്‍ഗന്ധം അതിരൂക്ഷമാണ്. കിടത്തിചികിത്സ ഉള്‍പ്പെടെയുള്ള ഗവ. ആയൂര്‍വേദ ആശുപത്രി നിലകൊള്ളുന്നത് കനാല്‍ തീരത്താണ്. രോഗികളും, ജീവനക്കാരും, പ്രദേശവാസികളുംകനാലില്‍നിന്നുള്ള ദുര്‍ഗന്ധം സഹിച്ചാണ് കഴിയുന്നത്.  പ്ലാസ്റ്റിക് മാലിന്യങ്ങളും വന്‍തോതിലാണ് കനാലിലും ഓരങ്ങളിലും നിക്ഷേപിക്കുന്നത്. ജൈവഅജൈവ മാലിന്യങ്ങള്‍ തിങ്ങിനിറഞ്ഞ് കനാലിന്റെ ഉപരിതലം പലയിടങ്ങളിലും തുരുത്തുപോലെയായി. നായകളും എലികളും  പക്ഷികളും ഇവിടം താവളമാക്കിയിരിക്കുകയാണ്.  അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top