എഎപി മന്ത്രിമാരുടെ സമരം: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുംന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസഹകരണമടക്കമുള്ള വിഷയങ്ങള്‍ ഇന്നയിച്ച് ഡല്‍ഹിയിലെ എഎപി മന്ത്രിസഭാംഗങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ തുടര്‍ന്നുവരുന്ന കുത്തിയിരിപ്പ് സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എഎപി അറിയിച്ചു.
ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളടക്കമുള്ള ഡല്‍ഹി മന്ത്രിസഭാംഗങ്ങളാണ് ഉപരോധം തുടരുന്നത്. അരവിന്ദ് കെജ്‌രിവാളിനോടൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ എന്നിവര്‍ നിരാഹാര സമരത്തിലാണ്. കെജ്‌രിവാള്‍ അടക്കമുള്ളവരെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. കെജ്‌രിവാളിന്റെ ആരോഗ്യ സ്ഥിതി മോശമാവുന്നുവെന്ന് കണ്ടതോടെ നാല് ആംബുലന്‍സുകള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ വീട്ടിലെത്തിച്ചിട്ടുണ്ട്.
നാലു മാസമായി എഎപി സര്‍ക്കാരിനോട് ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന നിസ്സഹകരണം അവസാനിപ്പിക്കുക, ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഐഎഎസ് ഓഫീസര്‍മാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുക, അവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കുക  എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കെജ്‌രിവാളും സംഘവും തിങ്കളാഴ്ച മുതല്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ സമരം തുടങ്ങിയത്. തിങ്കളാഴ്ച മുതല്‍ ഇവര്‍ ലഫ്റ്റനന്റ് ഗവര്‍ണറെ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.

RELATED STORIES

Share it
Top