എഎപി നേതാക്കളുടെ വിദേശയാത്ര : കപില്‍ മിശ്ര അനിശ്ചിതകാല നിരാഹാരത്തില്‍ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരില്‍ നിന്നു പുറത്താക്കിയ മുന്‍മന്ത്രി കപില്‍ മിശ്ര അനിശ്ചിതകാല നിരാഹാരത്തില്‍. എഎപി നേതാക്കളുടെ വിദേശ യാത്രകള്‍ക്കുള്ള തുകയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്് ഡല്‍ഹി നിയമസഭയ്ക്കു മുമ്പിലാണു മിശ്ര നിരാഹാരമിരിക്കുന്നത്. തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നതു വരെ ജലപാനം നടത്തില്ലെന്ന് കപില്‍ മിശ്ര പറഞ്ഞു.  തന്റേത് ഒരു ധര്‍ണയല്ല. സത്യഗ്രഹമാണ്. ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചു മുതിര്‍ന്ന നേതാക്കളുടെ വിദേശയാത്രാ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന സന്ദേശം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നല്‍കുന്നതിനു വേണ്ടിയാണ് ഈ സത്യഗ്രഹം. പാര്‍ട്ടി നേതാക്കളായ സത്യേന്ദ്ര ജയിന്‍, ആശിഷ് ഖേതന്‍, രാഘവ് ചദ്ദ, സഞ്ജയ് സിങ്, ദുര്‍ഗേഷ് പതക് എന്നീ നേതാക്കളുടെ വിദേശ യാത്രാച്ചെലവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണു മിശ്രയുടെ ആവശ്യം. താന്‍ ബിജെപി വക്താവാണെന്ന് ആരോപിക്കുന്നതിനു പകരം തന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയാണ് കെജ്‌രിവാള്‍ ചെയ്യേണ്ടതെന്ന് ഡല്‍ഹിയിലെ പ്രമുഖ ബിജെപി നേതാവിന്റെ മകനായ കപില്‍ മിശ്ര പറയുന്നു. നിസ്സാരമായ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ സെക്കന്‍ഡുകള്‍ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി നേതാക്കളുടെ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് കഴിയുമെന്ന് പലരും പറയുന്നതു താന്‍ കേട്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ട് വിശ്വാസ്യത തെളിയിക്കാന്‍ പാര്‍ട്ടി എന്തിനാണു പരിഭ്രമിക്കുന്നതെന്നും മിശ്ര ചോദിക്കുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പോലും പാര്‍ട്ടിക്കു പണമില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് അഞ്ചു നേതാക്കള്‍ വിദേശയാത്രകള്‍ നടത്തിയെന്നാണ് മിശ്ര ആരോപിക്കുന്നത്. ഇവര്‍ നടത്തിയ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നതോടെ കെജ്‌രിവാളും മറ്റു നേതാക്കളും നടത്തിയ അഴിമതിക്കഥകള്‍ കൂടുതല്‍ പുറത്തുവരുമെന്നും മിശ്ര അവകാശപ്പെടുന്നു.

RELATED STORIES

Share it
Top