എഎപി കള്ളപ്പണം വെളുപ്പിച്ചെന്ന് കപില്‍ മിശ്രന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കുമെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍മന്ത്രി കപില്‍ മിശ്ര. പാര്‍ട്ടി തിരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിച്ച രേഖകളില്‍ സംഭാവനയായി ലഭിച്ച തുക മറച്ചുവച്ചെന്ന് കപില്‍ മിശ്ര ആരോപിച്ചു. 2013-14 വര്‍ഷം 45 കോടി രൂപയാണ് ആം ആദ്മി പാര്‍ട്ടിക്കു സംഭാവനയായി ലഭിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ രേഖകളില്‍ ഒമ്പതു കോടി രൂപ മാത്രമേ കാണിച്ചിട്ടുള്ളൂവെന്നാണ് മിശ്രയുടെ ആരോപണം. എന്നാല്‍, മിശ്രയുടെ ആരോപണങ്ങളും ചെയ്തികളും കോമഡി സര്‍ക്കസ് പോലെയാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം. ബിജെപി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ തന്നെയാണ് മിശ്രയും ഉന്നയിക്കുന്നത്. ബിജെപിയുടെ പിന്നില്‍നിന്ന് വിവാദമുന്നയിക്കാതെ മുന്നോട്ടുവന്ന് ആം ആദ്മി പാര്‍ട്ടിയോട് ഏറ്റുമുട്ടാന്‍ മിശ്ര തയ്യാറാവണമെന്ന് എഎപി നേതാവ് സഞ്ജയ് സിങ് വെല്ലുവിളിച്ചു. 16 വ്യാജ കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിച്ച് പാര്‍ട്ടി അനധികൃതമായി പണം സമ്പാദിച്ചെന്നും മിശ്ര ആരോപിച്ചു. അരവിന്ദ് കെജ്‌രിവാള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം നടത്തിവരുകയായിരുന്ന മിശ്ര വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വീണ്ടും കെജ്‌രിവാളിനെതിരേ അഴിമതിയാരോപണം നടത്തിയത്. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ താന്‍ തന്നെ കോളറിനു പിടിച്ചുവലിച്ച് തിഹാര്‍ ജയിലില്‍ എത്തിക്കുമെന്നും മിശ്ര മുന്നറിയിപ്പു നല്‍കി. അരവിന്ദ് കെജ്‌രിവാള്‍ കള്ളപ്പണം വെളുപ്പിച്ചതിനുള്ള തെളിവുമായി സിബിഐയെ സമീപിക്കുമെന്നും മിശ്ര വ്യക്തമാക്കി.  ആരോപണം ഉന്നയിച്ചതിനു പിന്നാലെ തല കറങ്ങിവീണ മിശ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

RELATED STORIES

Share it
Top