എഎംയുവില്‍ എന്റെ പരിപാടിക്ക് തൊട്ടുമുമ്പ് ഹിന്ദുത്വരുടെ അക്രമം നടന്നത് സംശയകരം: ഹാമിദ് അന്‍സാരിന്യൂഡല്‍ഹി: മെയ് 2ന് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നടന്ന അക്രമത്തിന്റെ സമയവും അതിനെ ന്യായീകരിക്കാന്‍ നിര്‍മിച്ചെടുത്ത കാരണവും ചോദ്യങ്ങളുയര്‍ത്തുന്നുവെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. സംഭവത്തെക്കുറിച്ച് ആദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്.

ഹാമിദ് അന്‍സാരിയുടെ പരിപാടിക്ക് മണിക്കൂറുകള്‍ മുമ്പാണ് 1938 മുതല്‍ സ്റ്റുഡന്‍സ് യൂനിയന്‍ ഓഫിസില്‍ തൂങ്ങുന്ന മുഹമ്മദലി ജിന്നയുടെ ഫോട്ടോ എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അയുധങ്ങളുമായി കാംപസിലേക്ക് ഇരച്ചുകയറിയത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു.

പരിപാടിയുടെ ദിവസവും കെന്നഡി ഓഡിറ്റോറിയത്തില്‍ താന്‍ പ്രസംഗിക്കുന്ന കാര്യവും പൊതുജനത്തിന് അറിയാവുന്നതാണ്. ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുള്ളതും അതിന് ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കേണ്ടതുമാണ്. എന്നാല്‍, താന്‍ താമസിച്ചിരുന്ന യൂനിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിന് തൊട്ടടുത്ത് വരെ അക്രമികള്‍ക്ക് എങ്ങിനെ എത്താന്‍ സാധിച്ചു എന്നത് വിശദീകരിക്കപ്പെടേണ്ടതാണെന്നും ഹാമിദ് അന്‍സാരി പറഞ്ഞു.

30ഓളം ഹിന്ദുയുവവാഹിനി പ്രവര്‍ത്തകരാണ് പോലിസുകാരുടെ അകമ്പടിയോട് കൂടി അലിഗഡ് യൂനിവേഴ്‌സിറ്റിയുടെ പ്രധാന കവാടമായ ബാബ് ഇ സെയ്ദിന് മുന്നിലെത്തിയത്. ജിന്നയ്ക്ക ഇന്ത്യയില്‍ ഇത്തരമൊരു ബഹുമാനം അനുവദിക്കില്ല, ഇന്ത്യയില്‍ നില്‍ക്കണമെങ്കില്‍ വന്ദേമാതരം പറയണം, വന്ദേമാതരം, ജയ്ശ്രീറാം വിളികളോടെയാണ് അക്രമികള്‍ എത്തിയത്.

ഗേറ്റില്‍ അവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ പിസ്റ്റളുകളും ആയുധങ്ങളും ഉയര്‍ത്തിക്കാട്ടിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളും മറ്റുമെത്തി ആറ് യുവവാഹിനി പ്രവര്‍ത്തകരെ പിടികൂടി പോലിസിന് കൈമാറിയിരുന്നു. എന്നാല്‍, രണ്ടു പേരെ മാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തത്. അതിലൊരാള്‍ ഹിന്ദുജാഗരണ്‍ മഞ്ച് പ്രവര്‍ത്തകനാണെന്ന് പോലിസ് പറയുന്നു.

അതിക്രമത്തിനെതിരേ വിദ്യാര്‍ഥികള്‍ നടത്തിയ സമാധാനപരമായ പ്രക്ഷോഭത്തെ മുന്‍ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് എംഎംയു ഹോണററി ലൈഫ് മെംബര്‍ഷിപ്പ് നല്‍കാനുള്ള വിദ്യാര്‍ഥി യൂനിയന്‍ തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top