എഎംഎംഎ യോഗം പുരോഗമിക്കുന്നു;പ്രസിഡന്റ് മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും.കൊച്ചി: എഎംഎംഎ സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12 മണിക്ക് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൊച്ചിയില്‍ താരസംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ നടക്കുന്നുണ്ട്.

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടിമാരായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ സംഘടനയ്ക്ക് കത്തു നല്‍കിയിരുന്നു. ലണ്ടനിലുളള മോഹന്‍ലാല്‍ മടങ്ങി എത്തിയാലുടന്‍ യോഗം വിളിക്കുമെന്ന് എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നത്തെ യോഗം നടക്കുന്നത്. യോഗത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ അറിയിക്കുമെന്നാണ് വിവരം.

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ഡബ്ല്യുസിസി അംഗങ്ങള്‍ കൂടിയായ ആക്രമിക്കപ്പെട്ട നടി, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ എഎംഎംഎയില്‍നിന്നും രാജിവച്ചിരുന്നു. ഇതിനുപിന്നാലെ നടപടിയെ വിമര്‍ശിച്ച് രാഷ്ട്രീയ രംഗത്തെ പ്രമുഖരും കന്നഡ സിനിമാ മേഖലയും രംഗത്തെത്തി. കന്നഡ ഫിലിം ഇന്‍ഡസ്ട്രി, ഫിലിം ഇന്‍സ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാളിറ്റി എന്നീ സംഘടനകള്‍ 'എഎംഎംഎ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ചു.

പ്രതിഷേധം ശക്തമായതോടെ മോഹന്‍ലാല്‍ പ്രതികരിച്ചു. എഎംഎംഎയ്‌ക്കെതിരെയുള്ള പ്രസ്താവനകള്‍ വേദനയുണ്ടാക്കിയെന്ന് മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് എഎംഎംഎ ഭാരവാഹികള്‍ക്ക് കൈമാറിയ കുറിപ്പില്‍ വ്യക്തമാക്കി. ദിലീപിനെതിരെയുണ്ടായ നടപടി മരവിപ്പിച്ചത് ഏകകണ്ഠമായ തീരുമാനമാണ്.അമ്മ എന്ന വാക്കിന്റ പൊരുളറിഞ്ഞാണ് ഇത്രകാലം നിലകൊണ്ടത്. അമ്മ എന്നും അവള്‍ക്കൊപ്പമാണ്. ആക്രമിക്കപ്പെട്ട നടിയുടെ വേദന ആദ്യം ഏറ്റുവാങ്ങിയത് അമ്മയാണ്. രാജിവച്ചുപുറത്തുപോയവരുടെ വികാരം പരിശോധിക്കാന്‍ തയാറാണെന്നും തിരുത്തലുകള്‍ ആരുടെ പക്ഷത്തുനിന്നായാലും നടപ്പാക്കുമെന്നും മോഹന്‍ലാല്‍ കത്തില്‍ പറയുന്നു.

RELATED STORIES

Share it
Top