എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു

ന്യൂഡല്‍ഹി: ജനതാദള്‍-യു സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. ഇന്നലെ രാവിലെ അദ്ദേഹം രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനു കൈമാറി. കേരളത്തിലെ യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ ജെഡിയു പ്രതിനിധിയായാണ് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗമായത്. എന്നാല്‍, പാര്‍ട്ടി ദേശീയ അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതോടെയാണ് വീരേന്ദ്രകുമാര്‍ പ്രതിസന്ധിയിലായത്. ബിജെപിയുടെ ഭാഗമായി എംപിയായി തുടരില്ലെന്ന നിലപാടിന്റെ ഭാഗമായാണ് സ്ഥാനം രാജിവച്ചത്. നിയമപരമായി നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ അംഗമായി രാജ്യസഭയില്‍ ഇരിക്കേണ്ടിവരുന്നതിനാലാണ് താന്‍ രാജിവയ്ക്കുന്നതെന്ന് രാജിക്കത്ത് കൈമാറിയതിനു ശേഷം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരിക്കണോ എന്നു തീരുമാനിക്കാന്‍ കേരള ഘടകം തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അനിശ്ചിതത്വം കൂടുതല്‍ കാലം തുടരില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top