എം ജെ അക്ബറിന്റെ പ്രസ്താവന നിരാശാജനകം; അപകീര്‍ത്തിക്കേസിനെ നേരിടും: പ്രിയ രമണി

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ നല്‍കിയ അപകീര്‍ത്തിക്കേസിനെ നേരിടുമെന്നു മീ ടൂ കാംപയിനിന്റെ ഭാഗമായി മന്ത്രിക്കെതിരേ വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമപ്രവര്‍ത്തക പ്രിയ രമണി. മീ ടൂ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള മന്ത്രി എം ജെ അക്ബറിന്റെ പ്രസ്താവന നിരാശാജനകമാണെന്നും പ്രിയ രമണി പ്രതികരിച്ചു.
തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജവും കെട്ടിച്ചമച്ചതുമാണെന്നു കഴിഞ്ഞ ദിവസം ആഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ അക്ബര്‍ പറഞ്ഞിരുന്നു. ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും അക്ബര്‍ അഭിപ്രായപ്പെട്ടിരുന്നു. ലൈംഗിക താല്‍പര്യത്തോടു കൂടിയ മോശം പെരുമാറ്റം മന്ത്രിയില്‍ നിന്ന് ഉണ്ടായതിനെക്കുറിച്ച് ഏതാനും സ്ത്രീകള്‍ വ്യക്തമായ പരാതിയുന്നയിച്ചപ്പോള്‍ അതിനെ രാഷ്ട്രീയ ഗൂഢാലോചനയെന്നു പറഞ്ഞു തള്ളിക്കളയുന്ന മന്ത്രിയുടെ നിലപാട് അത്യന്തം നിരാശാജനകമാണെന്നു പ്രിയ രമണി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളോട് പ്രതികരിക്കുന്നതിനു പകരം തനിക്കെതിരേ സംസാരിച്ചവരെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുകയാണു മന്ത്രി. തനിക്കെതിരായ അപകീര്‍ത്തിക്കേസില്‍ പോരാടാന്‍ തയ്യാറാണ്. പരമമായ സത്യമാണ് തന്റെ പ്രതിരോധമെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.
പ്രിയ രമണിയാണ് അക്ബറിനെതിരേ ആദ്യം ലൈംഗികാരോപണം ഉന്നയിച്ചത്. വോഗ് ഇന്ത്യയില്‍ 2017ല്‍ എഴുതിയ ലേഖനത്തിലാണ് പ്രിയ അക്ബറിന്റെ പേര് സൂചിപ്പിക്കാതെ ലൈംഗികാതിക്രമത്തെക്കുറിച്ച് എഴുതിയത്. പിന്നീട് അടുത്തിടെ മീ ടൂ കാംപയിനിന്റെ ഭാഗമായാണ് അക്ബറില്‍ നിന്നാണു പീഡനം നേരിട്ടതെന്നു പ്രിയ രമണി വെളിപ്പെടുത്തിയത്.
പട്യാല ഹൗസ് കോടതിയിലാണ് എം ജെ അക്ബര്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്. 14 വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബറില്‍ നിന്ന് മോശം അനുഭവമുണ്ടായതായി മീ ടൂ കാംപയിനില്‍ വെളിപ്പെടുത്തിയിരുന്നു. സിഎന്‍എന്‍ റിപോര്‍ട്ടറായ യുഎസ് സ്വദേശി മജ്‌ലീ ഡി പീകാംപും അടക്കമുള്ളവരാണ് വെളിപ്പെടുത്തല്‍ നടത്തിയത്. എം ജെ അക്ബര്‍ രാജിവയ്ക്കുമെന്ന സൂചന ഉണ്ടായിരുന്നു. എന്നാല്‍ രാജിയില്ലെന്നും നിയമ നടപടിയുമായി മുന്നോട്ടു പോവുമെന്നും പിന്നീട് വ്യക്തമാക്കി.

RELATED STORIES

Share it
Top