എം ജി റോഡ് ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചു

കൊച്ചി: എം ജി റോഡ് ശീമാട്ടി ജംഗ്ഷന്‍ മുതല്‍ മഹാരാജാസ് മെട്രോ സ്‌റ്റേഷന്‍ വരെയുള്ള ഭാഗം കേരളത്തിലെ ആദ്യ ഹോണ്‍രഹിത മേഖലയായി പ്രഖ്യാപിച്ചു. നോ ഹോണ്‍ ഡേ ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ചടങ്ങില്‍ കെഎംആര്‍എല്‍ മാനേജിങ്ങ് ഡയറക്ടര്‍ എപിഎം മുഹമ്മദ് ഹനീഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
രാവിലെ 6 മുതല്‍ രാത്രി 11 വരെ തികച്ചും അസഹനീയമായ രീതിയില്‍ ഹോണടികള്‍ മുഴങ്ങുന്ന നഗരമാണ് കൊച്ചിയെന്നും അതിനാല്‍ ഇത്തരം പുരോഗമനപരമായ മാറ്റങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ),  നാഷണല്‍ ഇനിഷിയേറ്റീവ് ഫോര്‍ സേഫ് സൗണ്ട് (എന്‍ഐഎസ്എസ്.), ഇഎന്‍ടി സര്‍ജന്‍മാരുടെ സംഘടനയായ എഒഐ, എസ്‌സിഎംഎസ്, മോട്ടോര്‍ വാഹന വകുപ്പ്, കൊച്ചി മെട്രോ, കൊച്ചി സിറ്റി പോലീസ്, അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രി  എന്നിവരുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ നോ ഹോണ്‍ ഡേ ദിനാചരണം സംഘടിപ്പിച്ചത്. ചടങ്ങില്‍ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ കറുപ്പുസാമി  അധ്യക്ഷത വഹിച്ചു. ശബ്ദ മലിനീകരണം തടയാന്‍ പ്രാഥമികമായി ജനങ്ങളുടെ ചിന്താഗതിയില്‍ മാറ്റമുണ്ടാകണമെന്നും സ്വമേധയാ അനാവശ്യ ഹോണടി ശീലം മാറ്റാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ആര്‍ടിഒ റെജി പി വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഐ എം എ കേരള മീഡിയ അക്കാദമിയുടെ സഹായത്തോടെ ബോധവല്‍ക്കരണാര്‍ഥം തയാറാക്കിയ ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു.

RELATED STORIES

Share it
Top